മനാമ : കോവിഡ് ബാധിച്ച്‌ ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. സൗദിയില്‍ ചികിത്സയിലായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശിയായ ഷൈജല്‍ (34) , ബഹ്‌റൈനില്‍ കണ്ണുര്‍ ഏഴോത്ത് മീത്തലെ പുരയില്‍ നാരായണന്റെ മകന്‍ രാജന്‍ (52) ആണ് മരിച്ചത്.

രോഗം ബാധിച്ച്‌ 12 ദിവസത്തോളമായി സൗദിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൈജല്‍ ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം രണ്ടു മണിക്കാണ് മരിച്ചത്. ഭാര്യ: ബിന്‍സിയ, മകന്‍: മുഹമ്മദ് ഷൈബിന്‍

ബഹ്‌റൈനില്‍ പ്രമുഖ മള്‍ട്ടിനാഷനല്‍ കമ്ബനിയുടെ വെയര്‍ ഹൗസിലെ ജീവനക്കാരനായിരുന്നു രാജന്‍. ഈ മാസം മൂന്നിന് രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. എന്നാല്‍ ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് അഞ്ചിന് എക്‌സ്‌റേ എടുക്കുകയും ന്യൂമോണിയക്കുളള ചികിത്സ തുടങ്ങുകയും ചെയ്തു. അന്ന് ടെസ്റ്റ് ചെയ്തപ്പോഴും നെഗറ്റീവായിരുന്നു ഫലം. ജൂണ്‍ 10ന് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് നടത്തിയ ടെസ്റ്റില്‍ ഫലം പോസിറ്റീവായി.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് തുടര്‍ന്ന് ചികിത്സ നല്‍കിയത്. അവസ്ഥ മോശമാവുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയുമായിരുന്നു. 18 വര്‍ഷമായി ബഹ്‌റൈനില്‍ പ്രവാസിയാണ് രാജന്‍. ഭാര്യയും രണ്ട് മക്കളും നാട്ടിലാണ്.