കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോവിഡ് ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 30 ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് മമത ബാനര്‍ജി സര്‍ക്കാരിന്റെ തീരുമാനം.
പുതിയ തീരുമാന പ്രകാരം ജൂലൈ 31 വരെ ബംഗാളില്‍ ലോക്ക്ഡൗണ്‍ തുടരും. മൂന്നു മണിക്കൂര്‍ നീണ്ട സര്‍വകക്ഷി യോഗത്തില്‍ ഇതു സംബന്ധിച്ചു ധാരണയായി. കോവിഡ് വ്യാപനം തുടരുന്നതുകൊണ്ടാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതെന്നും ലോക്ക്ഡൗണില്‍ സ്കൂളുകളും കോളജുകളും അടഞ്ഞുകിടക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.
ചൊവ്വാഴ്ച ബംഗാളില്‍ 370 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 14,728 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. 580 പേര് രോഗം ബാധിച്ചു മരിച്ചു.