ദോഹ: കോവിഡ് ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ഖത്തർ കൈവരിച്ച നേട്ടത്തിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ പ്രശംസ. കോവിഡ് പ്രതിരോധത്തിൽ ഖത്തർ മറ്റു രാജ്യങ്ങൾക്ക് മാതൃകയാണെന്നും വളരെ കുറഞ്ഞ മരണ നിരക്കാണ് ഖത്തറിലേതെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ഡോ: ടെഡ്‌റോസ് അഥാനോം പറഞ്ഞു. ലോകാരോഗ്യ സംഘടനക്കു നൽകുന്ന സഹായത്തിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് ഡോ. ടെഡ്‌റോസ് നന്ദി അറിയിച്ചു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ: ഹനാൻ മുഹമ്മദ് അൽ കുവാരി ലോകാരോഗ്യ സംഘടനാ മേധാവിയുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ടെഡ്റോസ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അനന്തരകാലത്ത് ലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റായി ഖത്തറില്‍ 2022ല്‍ നടക്കുന്ന ഫിഫ ലോകകപ്പപ് ഫുട്ബോള്‍ മാറുമെന്നും ഡോ. ടെഡ്‌റോസ് പറഞ്ഞു.