കൊല്‍ക്കത്ത: രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ അവഹേളിക്കപ്പെട്ടതായും മമത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
“പ്രധാനമന്ത്രിയുടെ ക്ഷണം അനുസരിച്ച് യോഗത്തില്‍ പങ്കെടുത്തിട്ടും ഞങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. ഞങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം തന്നതുമില്ല. ചില ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് മാത്രം സംസാരിക്കാന്‍ അവസരം നല്‍കി. പ്രധാനമന്ത്രിയും ഒരു ചെറിയ പ്രസംഗം നടത്തി. അതോടെ യോഗം അവസാനിച്ചു,” മമത കുറ്റപ്പെടുത്തി .
അവഹേളിക്കപ്പെട്ടതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് മമത പരാതിപ്പെട്ടു . വാക്‌സിനെക്കുറിച്ചോ കോവിഡ് മരുന്നിനെക്കുറിച്ചോ പ്രധാനമന്ത്രി ഒന്നും ചോദിച്ചില്ലെന്നും ബ്ലാക്ക് ഫംഗസ് കേസുകളെക്കുറിച്ചും മോദി സംസാരിച്ചില്ലെന്നും മമത പറയുന്നു .
കൂടിക്കാഴ്ചയില്‍ കൂടുതല്‍ വാക്‌സിന്‍ വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടണമെന്ന് കരുതിയിരുന്നു. എന്നാല്‍ അതിനുള്ള അവസരവും ലഭിച്ചില്ലെന്നും മമത പറയുന്നു .
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. മുന്‍പും ഇതുപോലുള്ള അവകാശവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് കേസുകള്‍ വര്‍ധിക്കാനാണ് കാരണമായത്. പ്രധാനമന്ത്രിക്ക് വളരെയധികം അരക്ഷിതബോധം അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറാകാതിരുന്നത്,” മമത ആരോപിച്ചു.



