ദോഹ ∙ : കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ ഖത്തറില്‍ 3 വര്‍ഷം വരെ തടവും പരമാവധി 2 ലക്ഷം റിയാല്‍ പിഴയും ശിക്ഷ. എന്നാല്‍ ചില കേസുകളില്‍ ഇവയില്‍ ഏതെങ്കിലും ഒന്നുമാത്രമാകും ലഭിക്കുക. .നിയമലംഘനത്തിന്റെ സ്വഭാവം കണക്കിലെടുത്താണു ശിക്ഷ തീരുമാനിക്കുകയെന്നു പൊലീസ് ചൂണ്ടിക്കാട്ടി .

പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, മൊബൈല്‍ ഫോണില്‍ ഇഹ്തെറാസ് ആപ് ഡൗണ്‍ലോഡ് ചെയ്യുക, വാഹനങ്ങളില്‍ മിതമായ യാത്രക്കാരെ കയറ്റുക എന്നിവ കര്‍ശനമായി പാലിക്കേണ്ടതുണ്ട് .

നിയമലംഘകരെ കണ്ടെത്താന്‍ അധികൃതരുടെ കര്‍ശന നിരീക്ഷണമുണ്ടാകും. വാഹനങ്ങളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 4 പേര്‍ക്കു യാത്ര ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത് . അതെ സമയം ഒരേ കുടുംബത്തിലുള്ളവര്‍ക്ക് ഇതുബാധകമല്ല.

അതെ സമയം റോഡുകളില്‍ മദ്യപാനികളെ കണ്ടെത്തുകയോ ആരോടെങ്കിലും മോശമായി പെരുമാറുകയോ ചെയ്താല്‍ 6 മാസം തടവും 3,000 റിയാല്‍ വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക .
നഷ്ടപ്പെട്ട സാധനങ്ങള്‍ കണ്ടെത്തിയാല്‍ ഉടമയെയോ പൊലീസ് സ്റ്റേഷനിലോ ഏല്‍പിച്ചില്ലെങ്കിലും ഇതേ ശിക്ഷ ലഭിക്കും.

വ്യക്തികളെ ഉപദ്രവിക്കുന്നത് ഗുരുതര കുറ്റമാണ്. മരണം സംഭവിക്കുകയോ സ്ഥിരമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്താല്‍ 15 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ഗുരുതര പരുക്കേറ്റാല്‍ 3 വര്‍ഷം വരെ പിഴയോ പരമാവധി 15,000 റിയാല്‍ പിഴയോ ഒടുക്കണം . മോഷണത്തിന് 2 വര്‍ഷം മുതല്‍ ജീവപര്യന്തം വരെയാണ് തടവുശിക്ഷ.