ന്യൂഡല്‍ഹി : കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും നിയന്ത്രണം തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍. ജൂണ്‍ 30 വരെ നിയന്ത്രണം തുടരണമെന്നാണ് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഉചിതമായ സമയത്ത് മാത്രമേ ലോക്ക് ഡൗണ്‍ പിന്‍വലിക്കാവു. അതും ഘട്ടം ഘട്ടമായി വേണം ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ എന്നും സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാന്‍ സാധിച്ചു. നിലവില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വ്യാപനം ഇനിയും കൂടുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.