ബ്രിട്ടനില്‍ കൊറോണ രോഗികളുടെ എണ്ണം കുതിച്ച്‌ ഉയരുകയാണ്.തുടര്‍ച്ചയായ നാലാം ദിവസമാണ് കൊറോണ പോസിറ്റീവ് ആകുന്നവരുടെ എണ്ണം രണ്ടായിരത്തിനു മുകളില്‍ തുടരുന്നത്. രാജ്യത്തെയാകെ, ശരാശരി മരണനിരക്ക് പ്രതിദിനം പത്തില്‍ താഴെയാണെങ്കിലും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്കാജനകമായിരിക്കുകയാണ്.

ഇന്നലെ ബ്രിട്ടനിലാകെ കോവിഡ് മൂലം മരിച്ചത് എട്ടുപേരാണ്. എന്നാല്‍ പുതുതായി രോഗികളായത് 2,659 പേരും. കര്‍ശന നിയന്ത്രണങ്ങളിലൂടെ വരുതിയിലാക്കിയ കോവിഡിന്റെ, രണ്ടാംവരവ് വ്യക്തമാക്കുന്ന കണക്കുകളാണിവ.

കൊറോണ കേസുകള്‍ കുടുന്ന സാഹചര്യത്തില്‍ മറ്റൊരു ലോക്ക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അഭ്യര്‍ഥിച്ചു. തിങ്കളാഴ്ച മുതല്‍ സാമൂഹിക ഇടപെടലുകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. 30 പേര്‍ക്കുവരെ കൂട്ടംകൂടാനും ആഘോഷങ്ങള്‍ നടത്താനും നല്‍കിയിരുന്ന അനുമതി റദ്ദാക്കി.

തിങ്കളാഴ്ച മുതല്‍ വ്യത്യസ്ത വീടുകളില്‍നിന്നാണെങ്കില്‍ പരമാവധി ആറുപേര്‍ക്കു മാത്രമേ കൂട്ടം കൂടാനും പരസ്പരം ഇടപഴകാനും അനുമതിയുള്ളൂ. ഇത് ലംഘിച്ചാല്‍ അറസ്റ്റും പിഴയും ഉള്‍പ്പെടെയുളള നടപടികള്‍ നേരിടേണ്ടി വരും. ജോലി സ്ഥലങ്ങളില്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ഒരു മീറ്റര്‍ സാമൂഹിക അകലം കര്‍ശനമായും പാലിക്കണം. പുതിയ നിയന്ത്രണങ്ങള്‍ മറ്റൊരു ലോക്ക്ഡൗണിന്റെ തുടക്കമയി കാണരുതെന്നും മറ്റൊരു ലോക്ക്ഡൗണ്‍ ഒഴിവാക്കാനുള്ള മുന്‍കരുതല്‍ മാത്രമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി