ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നൂറുവയസ്സ് പൂര്‍ത്തിയാക്കിയ മൂന്ന് ആത്മ സുഹൃത്തുക്കളുടെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. കോവിഡ് വാക്സിനെടുത്ത ശേഷം ഇത്തവണ മൂവരും നൂറാം ജന്മദിനം ഒരുമിച്ചാഘോഷിച്ചതാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

ദീര്‍ഘനാളുകളായി ആത്മ സുഹൃത്തുക്കളായ റൂത്ത് ഷ്വാര്‍ട്സ്, എഡിത്ത് മിറ്റ്സി മോസ്കോ, ലോറൈന്‍ പിറെല്ലോ എന്നിവര്‍ക്ക് ഈ മഹാമാരിയുടെ കാലത്ത് ഒത്തുചേരാന്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. പുതുതായി കോവിഡ് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ച ഈ മൂന്ന് ‘സുവര്‍ണ്ണ വനിതകളും’ മാന്‍ഹട്ടനിലെ അപ്പര്‍ വെസ്റ്റ് സൈഡില്‍ ഒത്തുചേര്‍ന്നത്, അവരുടെ ജീവിതത്തിലെ വളരെ പ്രധാനമപ്പെട്ട ഒരു നാഴികക്കല്ല് പിന്നിട്ടതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ്. ജൂണ്‍ എട്ടാം തീയതി നടന്ന ഒരു പാര്‍ട്ടിയില്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഈ വയോധികരായ മൂന്ന് സ്ത്രീകളും അവരുടെ കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും ഒരിക്കല്‍ കൂടി ഒത്തുചേരുകയായിരുന്നു. 1921ലെ ജൂണ്‍ മാസത്തില്‍ ജനിച്ച ഈ മൂന്ന് സുഹൃത്തുക്കള്‍ക്കും അവര്‍ തങ്ങളുടെ ജീവിതത്തിലെ ഈ സുപ്രധാന നാഴികക്കല്ല് പിന്നിട്ടുവെന്നത് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. തങ്ങളുടെ ഒരു നൂറ്റാണ്ട് നീളുന്ന സ്മരണകളില്‍ കോവിഡ് മഹാമാരിയും ഉള്‍പ്പെടുന്നുവെന്ന് മൂവരും ഒരുപോലെ അഭിപ്രായപ്പെട്ടു.

കോവിഡ് മഹാമാരിയെന്ന ഈ പ്രതിസന്ധിയെ അവര്‍ ഒരുമിച്ച്‌ അതിജീവിച്ചതിനാല്‍, നൂറാം പിറന്നാള്‍ ഒരുമിച്ച്‌ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി. ‘കഴിഞ്ഞു പോയ മാസങ്ങളിലെല്ലാം വീടുകളില്‍ ഒതുങ്ങിക്കൂടിയപ്പോള്‍ അത് ഭയങ്കരമായ ഒരനുഭവമായിരുന്നു. പക്ഷേ വാസ്തവത്തില്‍ അത് ആവശ്യമായിരുന്നു’ ലോറൈന്‍ പറഞ്ഞു. “60കളുടെ മധ്യത്തില്‍ ടെന്നീസ് കളിയിലെ മികച്ച താരമായിരുന്നു ലോറൈന്‍.

‘ഞാന്‍ ജനിച്ചത് ഒരു ഭാഗ്യനക്ഷത്രത്തിലാണെന്നാണ്‌ കരുതുന്നത്.” ജൂണ്‍ 15 ന് നൂറ്‌ വയസ്സ് തികഞ്ഞ റൂത്ത് പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ചാണ്‌ പിറന്നാള്‍ ആഘോഷിക്കുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന്,’ റൂത്ത് പറഞ്ഞതായിപീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റൂത്ത് വിരമിച്ച ഒരു അധ്യാപികയാണ്, അതേസമയം ലോറൈനാകട്ടെ, മെട്രോപൊളിറ്റന്‍ ഒപ്പേറയിടെ ഒപ്പേറ ഗായികയും എഡിത്ത് മോസ്കോ ഒരു വ്യവസായ സംരംഭകയുമായിരുന്നു. ആട്രിയ സീനിയര്‍ ലിവിംഗ് കമ്മ്യൂണിറ്റിയില്‍ അവര്‍ മൂവരും ഒത്തുകൂടി ഷാംപെയ്ന്‍ ഗ്ലാസുകള്‍ ഉയര്‍ത്തി തങ്ങളുടെ സന്തോഷം പങ്കിട്ടു.

ഈ മൂന്ന് അത്മസുഹൃത്തുക്കള്‍ തമ്മിലുള്ള അതിശയകരമായ ചങ്ങാത്തം ‘അടിച്ചുപൊളിക്കുന്നതിനായി’ ആട്രിയ സീനിയര്‍ ലിവിംഗിലെ അന്തേവാസികള്‍ ഒരാഴ്ചത്തെ ആഘോഷ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള മൂന്ന് വ്യത്യസ്ത ഗാനങ്ങള്‍ ആലപിക്കുന്നതിനു മുമ്ബുതന്നെ റിവര്‍‌സൈഡ് ഡ്രൈവിന് സമീപമുള്ള അപ്പര്‍ വെസ്റ്റ് സൈഡ് ഫെസിലിറ്റിയിലെ ജീവനക്കാരെല്ലാം ചേര്‍ന്ന് ജന്മദിനാഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവര്‍ വര്‍ണ്ണാഭമായ ബാനറുകളും ബലൂണുകളും കൊണ്ട് പരിസരമാകെ അലങ്കരിച്ച്‌ അവിടെ ഒരു ഉല്‍സവച്ഛായ തന്നെ പകര്‍ന്നിട്ടുണ്ട്. മെഴുകുതിരികള്‍ കൊണ്ടലങ്കരിച്ച ഒരു ഭീമന്‍ കേക്കായിരുന്നു പാര്‍ട്ടിയിലെ പ്രധാന ആകര്‍ഷണം. തുടര്‍ന്നു നടന്ന പാര്‍ട്ടി ഏതാണ്ട്, ഷാംപെയ്നില്‍ ‘മുങ്ങുക’ തന്നെയായിരുന്നു! ഏകദേശം രണ്ട് വര്‍ഷത്തിന് ശേഷം തന്റെ അനന്തിരവളുമായുള്ള പുന:സമാഗമം കൂടി നടന്നതിനാല്‍ ഇത് ലോറൈനെ സംബന്ധിച്ച്‌ വളരെ ഹൃദയസ്പര്‍ശിയായ അനുഭവമായിരുന്നു.