ഡല്‍ഹി: ജെഇഇ-നീറ്റ് പരീക്ഷകള്‍ നീട്ടിവെക്കാനാകില്ലെന്ന സുപ്രീംകോടതി വിധി വീണ്ടും ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. കേന്ദ്രസര്‍ക്കാറിന്​ അനുകൂലമായുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ്​ ആറ്​ സംസ്ഥാനങ്ങള്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. പശ്ചിമ ബംഗാള്‍, ജാ൪ഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മന്ത്രിമാരാണ് പുനപരിശോധന ഹര്‍ജി നല്‍കിയത്. വിദ്യാ൪ഥികളുടെ സുരക്ഷയും ഗതാഗത സൗകര്യവും കോടതി കണക്കിലെടുത്തില്ലെന്ന് ഹരജിക്കാ൪ പറയുന്നു.

പരീക്ഷകള്‍ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ 11 സംസ്ഥാനങ്ങളില്‍ നിന്നുള്ള 11 വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീംകോടതി തള്ളിയിരുന്നു. വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. ഇതിനെതിരെയാണ്​ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്​.