ബാങ്കില്‍ മുക്ക് പണ്ടം പണയം വച്ച് 1 കോടി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ പ്രധാന കൂട്ടുപ്രതിയെന്ന് കരുതുന്ന പയിമ്പ്ര സ്വദേശി ചരപറമ്പ് ചന്ദ്രനാണ് മരിച്ചത്. കോഴിക്കോട് പി എം താജ് റോഡിലെ ദേശസാല്‍കൃത ബാങ്ക് ശാഖയില്‍ നിന്ന് സ്വര്‍ണമെന്ന വ്യാജേന അഞ്ചര കിലോ മുക്കുപണ്ടം പണയംവെച്ച് 1,69,51,385 രൂപ തട്ടിയ കേസിലെ കൂട്ടുപ്രതിയാണ് മരിച്ച ചന്ദ്രന്‍.
ബാങ്കില്‍ അപ്രൈസറായ ചന്ദ്രന്‍ ഉള്‍പ്പെടെ ഒന്‍പത് പേരെ പ്രതികളാക്കിയാണ് പൊലീസ് കേസെടുത്തത്. പയിമ്പ്ര പുത്തുകുളത്തിലെ വീട്ടിനടുത്തുള്ള അമ്പലക്കുളത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.
ഈ കേസിലെ പ്രധാന പ്രതി പുല്‍പ്പള്ളി സ്വദേശി ബിന്ദുവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2020 ഫെബ്രുവരി മുതല്‍ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നായി 44 തവണകളായി വ്യാജസ്വര്‍ണം ബാങ്കില്‍ പണയം വച്ചുവെന്നാണ് കേസ്. ബാങ്കിന്റെ വാര്‍ഷിക ഓഡിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വിവരം മനസിലായത്. മൃതദേഹം കൊവിഡ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.