ചെന്നൈ : കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയിലാണ് ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വിമാനത്താവളത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏവിയേഷൻ സുരക്ഷാ വിഭാഗത്തിലെ ജീവനക്കാരനാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ഉടനെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ആറ് വെടിയുണ്ടകളാണ് സുരക്ഷാശുചിമുറിയിൽ നിന്നും കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം ഉപയോഗിച്ചവയാണ്. വെടിയുണ്ടകൾ പീലമേട് പോലീസിന് കൈമാറി.
സുരക്ഷാ പരിശോധന ഭയന്ന് വെടിയുണ്ടകൾ ശുചിമുറിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.