കോപ്പ അമേരിക്കയില്‍ അര്‍ജന്റീന – കൊളംബിയ സെമി മത്സരത്തില്‍ അര്‍ജന്റീനയെ പിന്തുണച്ച്‌ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. നാളെ നടക്കുന്ന സെമി പോരാട്ടത്തില്‍ അര്‍ജന്റീന ജയിക്കണമെന്നും അവരെയാണ് ഫൈനലില്‍ എതിരാളികളായി കിട്ടാന്‍ ആഗ്രഹിക്കുന്നതെന്നും നെയ്മര്‍ വെളിപ്പെടുത്തി. ഇന്ന് നടന്ന ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബ്രസീല്‍ താരം തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയത്തില്‍ വെച്ചാണ് കോപ്പയിലെ ഫൈനല്‍ മത്സരം നടക്കുന്നത്. ചരിത്രപ്രസിദ്ധമായ സ്റ്റേഡിയത്തില്‍ ഫുട്‍ബോള്‍ പ്രേമികളും ആഗ്രഹിക്കുന്നത് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്വപ്ന ഫൈനലിന് വേണ്ടിയാണ്. നാളത്തെ സെമിയില്‍ തന്റെ പിന്തുണ അര്‍ജന്റീനക്ക് ആണെന്ന് പറയുമ്ബോഴും ഫൈനലില്‍ വിജയം ബ്രസീല്‍ തന്നെ നേടുമെന്നാണ് പറയുന്നത്. ‘ഫൈനലില്‍ അര്‍ജന്റീനയെ എതിരാളികളായി ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അര്‍ജന്റീന ടീമില്‍ എനിക്ക് വളരെയധികം സുഹൃത്തുക്കളുണ്ട്. അതുകൊണ്ടാണ് ഞാന്‍ അവരെ പിന്തുണയ്ക്കുന്നത്. ഫൈനലില്‍ ബ്രസീല്‍ തന്നെ ജയിക്കും’ – നെയ്മര്‍ പറഞ്ഞു. അര്‍ജന്റീന ടീമിലെ പല താരങ്ങളും നെയ്മറുടെ സുഹൃത്തുക്കളാണ്. ഇതില്‍ അര്‍ജന്റീന ക്യാപ്റ്റനായ മെസ്സിയുമായി താരത്തിന് വളരെ അടുത്ത ബന്ധമാണുള്ളത്. നെയ്മര്‍ ലാലിഗയില്‍ ബാഴ്‌സിലോണക്കായി കളിച്ചിരുന്ന കാലത്ത് തുടങ്ങിയ ബന്ധമാണ് അത്. ഇപ്പോഴും ആ ആത്മബന്ധം ഇരുവരും സൂക്ഷിക്കുന്നുണ്ട്. ഇതിനുപുറമെ നെയ്മര്‍ ഇപ്പോള്‍ കളിക്കുന്ന പിഎസ്‌ജിയിലെ സഹതാരങ്ങളായ ഡി മരിയയും ലിയാന്‍ഡ്രോ പരേദസും അര്‍ജന്റീനയുടെ താരങ്ങളാണ്.

ഇന്ന് നടന്ന ആദ്യ സെമിയില്‍ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. കളിയിലെ 35ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റ നേടിയ ഗോളിലാണ് ബ്രസീല്‍ വിജയം നേടിയത്. കളിയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ബ്രസീല്‍ ടീം സാംബനൃത്ത ചുവടുകളുമായി മുന്നേറിയപ്പോള്‍ പെറു അതിന്റെ മുന്നില്‍ നിറം മങ്ങിപ്പോയി. ആദ്യ പകുതിയില്‍ ബ്രസീല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മുന്നില്‍ പ്രതിരോധത്തിലായി അവര്‍ രണ്ടാം പകുതിയില്‍ ആക്രമണങ്ങളുമായി തിരിച്ചുവരാന്‍ ശ്രമം നടത്തിയെങ്കിലും അതിനെയെല്ലാം വളരെ സമര്‍ത്ഥമായി തന്നെ ബ്രസീല്‍ നേരിട്ടു.

അതേസമയം, നാളെ നടക്കുന്ന സെമി മത്സരം മെസ്സിക്കും സംഘത്തിനും അഭിമാനപ്പോരാട്ടമായി മാറിയിരിക്കുകയാണ്. പെറുവിനെ തോല്‍പ്പിച്ച്‌ ബ്രസീല്‍ ഫൈനല്‍ ടിക്കറ്റ് എടുത്തതോടെ സ്വപ്ന ഫൈനലിനായി കാത്തിരിക്കുന്ന ആരാധകരെ നിരാശരാക്കാതിരിക്കാന്‍ അവര്‍ക്ക് നാളെ ജയിച്ചേ തീരൂ. നാളത്തെ മത്സരത്തില്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് മെസ്സിയിലേക്കാണ്. അര്‍ജന്റീന ജേഴ്‌സിയില്‍ ഒരു കിരീടം തന്റെ കൂടെ ചേര്‍ത്തവെക്കുക എന്ന ദീര്‍ഘകാലത്തെ സ്വപ്നം ഈ പ്രാവശ്യം എന്ത് വില കൊടുത്തും പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മെസ്സി. മിന്നും ഫോമില്‍ കളിക്കുന്ന താരത്തിന് കിരീടം നേടി തന്റെ വിമര്‍ശകരുടെ വായടപ്പിക്കാനുള്ള സുവര്‍ണാവസരമാണിത്. അര്‍ജന്റീന ആരാധകര്‍ കാത്തിരിക്കുന്നതും ഈ ഒരു കാഴ്ച കാണാനാണ്.

നാളത്തെ സെമിയില്‍ ജയിച്ച്‌ അര്‍ജന്റീന മുന്നേറി ഫൈനലില്‍ എത്തുകയാണെങ്കില്‍ അത് കോപ്പയിലും ആവേശം നിറയ്ക്കും. യൂറോ കപ്പിന്റെ ആവേശത്തിനിടയില്‍പ്പെട്ട് മുങ്ങിപ്പോയ കോപ്പയ്ക്ക് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കാന്‍ ഈ ഒരു സ്വപ്ന ഫൈനലിന് മാത്രമേ സാധിക്കുകയുള്ളൂ. ലോകമെമ്പാടുമുള്ള ആരാധകരെ പോലെ ടൂര്‍ണമെന്റിന്റെ സംഘാടകരും ഇത് തന്നെയാണ് ആഗ്രഹിക്കുന്നത്.