ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ: പുതുതായി ചാര്‍ജെടുത്ത കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അമിത് കുമാറിന് ഗോപിയോ ഷിക്കാഗോ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ (എഫ്.ഐ.എ) ബോര്‍ഡ് ഓഫ് ട്രസ്റ്റിയും, മുന്‍ പ്രസിഡന്റുമായ കീര്‍ത്തി കുമാര്‍ റാവൂരിയുടേയും നേതൃത്വത്തില്‍ ഷിക്കാഗോയിലുള്ള കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ വച്ചു സ്വീകരണം നല്‍കി.
അമിത് കുമാര്‍ കാണ്‍പൂര്‍ ഐഐടിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് ഐഎഫ്എസ് ലഭിച്ചു. ഷിക്കാഗോ കോണ്‍സുലേറ്റില്‍ എത്തുന്നതിനു മുമ്പ് ബെയ്ജിംഗ്, ബെര്‍ലിന്‍, യുണൈറ്റഡ് നേഷന്‍സ്- ന്യൂയോര്‍ക്ക്, എംബസി ഓഫ് ഇന്ത്യ- വാഷിംഗ്ടണ് ഡി.സി എന്നിവിടങ്ങളില്‍ ഡിപ്ലോമാറ്റ് ആയി ജോലി നോക്കിയിട്ടുണ്ട്.
ഷിക്കാഗോ കോണ്‍സുലേറ്റിന്റെ ചുമതലയില്‍ ഇല്ലിനോയിസ്, ഇന്ത്യാന, അയോവ, മിഷിഗണ്‍, മിനസോട്ട, മിസോറി, നോര്‍ത്ത് ഡെക്കോട്ട, സൗത്ത് ഡെക്കോട്ട, വിസ്‌കോണ്‍സിന്‍ എന്നീ സംസ്ഥാനങ്ങള്‍ വരും.
ഒരു മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ വിവിധ ഇന്ത്യന്‍ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യക്കാരുടെ പങ്ക്, അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന്‍, ഇന്ത്യന്‍ സമ്പദ്ഘടന, അമേരിക്കന്‍ സമ്പദ്ഘടന, കോവിഡ് മൂലം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വരുത്തുന്ന പുതിയ മാറ്റങ്ങള്‍, ഇന്ത്യയിലേക്കുള്ള പുതിയ യാത്രാസൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു.
കോവിഡ് 19 മൂലം ഗവണ്‍മെന്റ് നിര്‍ദേശം പാലിച്ച് കോണ്‍സുലേറ്റിലെ സേവനങ്ങള്‍ ഓണ്‍ലൈനായിട്ടാണ് ലഭിക്കുന്നതെന്നും ഓണത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കോണ്‍സുലേറ്റിലെ എല്ലാ ജീവനക്കാരേയും ഉള്‍പ്പെടുത്തി ഗംഭീര ഓണസദ്യ നടത്തിയതായും അദ്ദേഹം അറിയിച്ചു.