ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ പദവിയില്‍ നിന്ന് ഒഴിയാന്‍ സോണിയാ ഗാന്ധി സന്നദ്ധത അറിയിച്ചെന്ന് റിപ്പോര്‍ട്ട്. നേരത്തെ പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് ഇരുപത്തഞ്ചോളം മുതിര്‍ന്ന നേതാക്കള്‍ സോണിയക്ക് കത്ത് അയച്ചിരുന്നു.മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്,ശശി തരൂര്‍ എംപി,ആനന്ദ് ശര്‍മ്മ,കപില്‍ സിബല്‍,മനീഷ് തിവാരി,വിവേക് തന്‍ക,മുകുള്‍ വാസ്നിക്,
ജിതിന്‍ പ്രസാദ,ഭൂപേന്ദ്ര സിംഗ് ഹൂഡ,രാജേന്ധര്‍ കൗര്‍ ഭാട്ടല്‍,വീരപ്പ മൊയ്ലി,പ്രിഥ്വി രാജ് ചവാന്‍,പിജെ കുര്യന്‍,അജയ് സിംഗ്,രേണുകാ ചൗധരി, മിലിന്ദ് ദേവ്റ,രാജ് ബബ്ബര്‍,അരവിന്ദര്‍ സിംഗ് ലവ്ലി,കൗള്‍ സിംഗ് താക്കൂര്‍,അഖിലേഷ് പ്രസാദ് സിംഗ്,കുല്‍ദീപ് ശര്‍മ,യോഗ നാഥ്‌ ശാസ്ത്രി, സന്ദീപ് ദിക്ഷിത് എന്നിവരാണ് കത്തില്‍ ഒപ്പ് വെച്ച പ്രമുഖ നേതാക്കള്‍.

ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാകുന്നെന്ന് പറയുന്ന കത്തില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നത് ഗൗരവമായി കാണണം എന്നും ആവശ്യപെടുന്നു. ഈ കത്തിനുള്ള മറുപടിയില്‍ പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്നും അതിനുള്ള അവസരമൊരുക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും സോണിയ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തിയിലാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായി സോണിയ ഇക്കാര്യം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, സോണിയ രാജിവച്ചതായുള്ള അഭ്യൂഹങ്ങള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടില്ല. പാര്‍ട്ടിയില്‍ സമ്ബൂര്‍ണ അഴിച്ചുപണി നടത്തരുതെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ ഇത് ഗാന്ധികുടുംബത്തിന്റെ നേതൃത്വത്തില്‍ നിന്ന് വേണമെന്നും അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. ഇത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് ഇവര്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം തിങ്കളാഴ്ച ചേരും.