കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ തിരൂര്‍ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് ബാധയേറ്റ് കണ്ണ് നീക്കം ചെയ്തു. തിരൂര്‍ ഏഴൂര്‍ ഗവ.ഹൈസ്‌കൂളിന് പുറക് വശത്ത് താമസിക്കുന്ന വലിയപറമ്ബില്‍ അബ്ദുള്‍ ഖാദ(62 )റിനാണ് അടിയന്തര ശസ്ത്രക്രിയയിലൂടെ ഇടതു കണ്ണ് നീക്കം ചെയ്തത്. അതേ സമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്നുപേരെ ഈ രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബ്ലാക് ഫംഗസ് എന്ന മ്യൂകോര്‍ മൈക്കോസിസ് രോഗം തലച്ചോറിലേക്ക് പടരാതിരിക്കാനാണ് മലപ്പുറത്ത് രോഗിയുടെ കണ്ണ് നീക്കംചെയ്തത്. കേരളത്തില്‍ ഇതുവരെ ഏഴു പേര്‍ക്ക് ഈ രോഗം റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം ജില്ലയിലെ ആദ്യ കേസും കണ്ണ് നീക്കം ചെയ്യപ്പെടുന്ന സംസ്ഥാനത്തെ ആദ്യ രോഗിയുമാണിത്.
നേരത്തെ ഗള്‍ഫിലായിരുന്ന അബ്ദുല്‍ ഖാദര്‍ അഞ്ചു വര്‍ഷമായി നാട്ടിലെത്തിയിട്ട്. ഏപ്രില്‍ 25നാണ് കൊവിഡ് പോസിറ്റീവ് ആകുന്നത്. അന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മൂന്നിന് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജായിട്ടും തലവേദന തുടര്‍ന്നപ്പോള്‍ കൊവിഡ് രോഗം സുഖപ്പെടുന്നവരില്‍ സാധാരണ കാണാറുള്ളതാണിതെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നീട് കഠിന തലവേദന തുടരുകയായിരുന്നു. അഞ്ചാം തിയ്യതി രാത്രി കണ്ണിന് ഇരട്ട കാഴ്ച അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 6-ന് തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സി.ടി.സ്‌കാന്‍ സൗകര്യമില്ലാത്തതിനാല്‍ കോട്ടക്കലിലേക്ക് മാറ്റുകയായിരുന്നു. കോട്ടക്കല്‍ അല്‍ മാസ് ഹോസ്പിറ്റലില്‍ നിന്നാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അസുഖത്തിന്റെ ലക്ഷണങ്ങള്‍
കഠിന തലവേദന, മൂക്കടപ്പ്, മുഖം വേദന , പല്ലുകള്‍ക്ക് ഇളക്കം, കണ്ണ്, ചെവി, മൂക്ക് എന്നിവയില്‍ വേദനയും , രക്തമൊലിക്കലുമാണ് ബ്ലാക്ക് ഫംഗസിന്റെ പ്രധാന ലക്ഷണങ്ങള്‍. കൊവിഡാനന്തരം സ്റ്റിറോയിഡ് സ്വീകരിച്ച ആളുകളിലാണ് ഇപ്പോള്‍ ഈ അപൂര്‍വ രോഗബാധ കണ്ടു വരുന്നത്. രാജ്യത്ത് ഇതുവരെ അഞ്ഞൂറോളം പേരില്‍ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയതായാണ് വിവരം. പെട്ടെന്ന് രോഗം സ്ഥിരീകരിച്ച്‌ കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മരണത്തിലേക്ക് നയിക്കുന്നതാണ് ഈ ഫംഗസ് ബാധ.