വാഷിങ്ടൺ: അമേരിക്കയിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും പൗരത്വം അനുവദിക്കുന്ന ജന്മാവകാശ പൗരത്വ നിയമം റദ്ദാക്കാനുള്ള പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കത്തിനെതിരായ ഹ‍‍ർജികളിൽ യുഎസ് സുപ്രീം കോടതി വാദം കേട്ട് തുടങ്ങിയിരിക്കുകയാണ്. വാദം കേൾക്കലിൻ്റെ ആദ്യ ദിവസമായ ഏപ്രിൽ ഒന്നിന് പ്രസിഡൻ്റും ട്രംപും കോടതി മുറിയിൽ എത്തിയത് ചരിത്ര സംഭവമായി മാറി. അമേരിക്കൻ ചരിത്രത്തിൽ മേൽ കോടതിയിൽ വാദം കേൾക്കാനെത്തുന്ന ആദ്യ പ്രസിഡൻ്റാണ് ട്രംപ്. കോടതിമുറിയിലെ മുൻനിരയിൽ ഒരുമണിക്കൂറോളം തുടർന്ന ട്രംപ് സർക്കാർ വാദങ്ങൾ കേട്ടു.

ട്രംപ് അധികാരമേറ്റ ആദ്യ ദിവസം തന്നെ ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിൻ്റെ നിയമസാധുത ആണ് കോടതി പരിശോധിക്കുന്നത്. അമേരിക്കയിൽ അനധികൃതമായി താമസിക്കുന്നവർക്ക് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിന് തടയിടാനാണ് ട്രംപിൻ്റെ ലക്ഷ്യം.

അമേരിക്കൻ മണ്ണിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന ജന്മാവകാശ പൗരത്വ നിയമം എന്ന ദശാബ്ദങ്ങൾ പഴക്കമുള്ള നിയമം അവസാനിപ്പിക്കണമെന്ന ശക്തമായ വാദം ട്രംപ് ഭരണകൂടം സുപ്രീം കോടതിയിലും ഉന്നയിച്ചു. ബുധനാഴ്ച നടന്ന വാദത്തിനിടെ, വിദേശികൾ അമേരിക്കൻ പൗരത്വം ലക്ഷ്യമിട്ട് പ്രസവത്തിനായി മാത്രം രാജ്യത്തെത്തുന്ന ‘ ബർത്ത് ടൂറിസം ‘ എന്ന പ്രവണത പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകതയ്ക്ക് വലിയ തെളിവായി സോളിസിറ്റർ ജനറൽ ഡി ജോൺ സൗവർ കോടതിയിൽ ഉയർത്തിക്കാട്ടി.

ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സമ്പന്നർ തങ്ങളുടെ കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ഉറപ്പാക്കാൻ സംഘടിതമായി ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ പൗരത്വ നയങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം വാദിച്ചു. പ്രസിഡന്റ് ട്രംപ് നേരിട്ട് കോടതിയിൽ ഹാജരായ വേളയിലായിരുന്നു ഈ നിർണായകമായ വാദപ്രതിവാദങ്ങൾ നടന്നത്.