നീറ്റ്-യുജി 2026 പരിക്ഷാ പേപ്പർ ചോർച്ച വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദിറിൽ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സ്ഥാപകൻ അഭിജീത് ദിപ്കെ. ഇതിനായി ജൂൺ ആറിന് ഇന്ത്യയിൽ തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ധർമേന്ദ്ര പ്രധാനെതിരെയുള്ള പോരാട്ടം ശക്തമാക്കാനാണ് താൻ ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നാണ് ബോസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിജീത് ദിപ്കെ പറയുന്നത്. 

നീറ്റ് പരീക്ഷപേപ്പർ ചോർച്ചയും തുടർന്നുള്ള പ്രതിസന്ധികളും ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ബാധിച്ചതായി അദ്ദേഹം എക്സിൽ പങ്കുവച്ച വീഡിയോയിൽ ചൂണ്ടിക്കാട്ടി. “ഇന്ത്യൻ ഭരണഘടനയുടെ പാത പിന്തുടർന്ന് നാമെല്ലാവരും ഒന്നിക്കേണ്ട സമയമാണിത്. ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി ശബ്ദമുയർത്തണം,” അദ്ദേഹം പറഞ്ഞു. പ്രധാന്റെ രാജി ആവശ്യപ്പെട്ട് എട്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഓൺലൈൻ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.