ന്യൂഡല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ ന്യൂസിലാന്‍ഡില്‍ നിന്നുള്ള യൂട്യൂബര്‍ കാള്‍ റോക്കിനെ ഒരു വര്‍ഷത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും ഇന്ത്യ വിലക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നിന്ന് ദുബായ് വഴി പാകിസ്ഥാനിലേക്ക് പോകുന്നതിനു വേണ്ടി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അവസരത്തിലാണ് വിസ റദ്ദാക്കിയതെന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ റോക്ക് പറഞ്ഞു. തന്റെ ഭാര്യ ഇന്ത്യയിലാണെന്നും കഴിഞ്ഞ ഒന്‍പത് മാസമായി തനിക്ക് തന്റെ കുടുംബത്തെ കാണുവാന്‍ സാധിച്ചിട്ടില്ലെന്നും ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ വരെ ടാഗ് ചെയ്ത വീഡിയോയില്‍ റോക്ക് പറയുന്നു. വ്യക്തമായ കാരണങ്ങള്‍ ഒന്നും പറയാതെയാണ് ഇന്ത്യ തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും റോക്ക് ആരോപിക്കുന്നു.

സന്ദര്‍ശന വിസയില്‍ ഇന്ത്യയില്‍ വന്ന് തൊഴില്‍ ചെയ്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാലാണ് റോക്കിന്റെ വിസ റദ്ദ് ചെയ്തതെന്ന് വിദേശകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ഒരു വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ വിശദീകരണത്തില്‍ വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം കൊവിഡ് സമയത്ത് ഡല്‍ഹിയിലെ രോഗികള്‍ക്കായി രക്തം ദാനം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വരെ പ്രശംസ പിടിച്ചുപറ്റിയ യൂട്യൂബറാണ് റോക്ക്.