കോഴിക്കോട് ജില്ലയിലെ കൊവിഡ് സാഹചര്യം ഗുരുതരമാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിലാണ്. 918 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. അതില്‍ 900 പേര്‍ക്കും സമ്പര്‍ക്കംമൂലമാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
കോട്ടയം ജില്ലയില്‍ എല്ലാ മുനിസിപ്പാലിറ്റികളിലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളിലും കൊവിഡ് ബാധിതരുണ്ട്. രോഗികളുടെ എണ്ണം കഴിഞ്ഞ മൂന്നു ദിവസമായി ഗണ്യമായി വര്‍ധിക്കുന്നു. വാഴപ്പള്ളി, കോട്ടയം, ഈരാറ്റുപേട്ട, ചങ്ങനാശേരി, പാമ്പാടി തുടങ്ങിയ മേഖലകളില്‍ സമ്പര്‍ക്ക വ്യാപനം ശക്തമാണ്.
പത്ത് ദിവസത്തിനുള്ളില്‍ തൃശൂര്‍ ജില്ലയില്‍ വര്‍ധിച്ചത് 4000 രോഗികളാണ്. 60 വയസിന് മുകളിലുള്ള 73 പേര്‍ക്കും 10 വയസിന് താഴെയുള്ള 28 പേര്‍ക്കും ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ കൗമാരക്കാരിലും യുവാക്കളിലുമാണ് കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നതായി കാണുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരില്‍ 105 പേരും 10 നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. 16 പേര്‍ പത്തില്‍ താഴെ പ്രായമുള്ളവരും 12 പേര്‍ 60 നു മുകളില്‍ പ്രായമുള്ളവരുമാണ്.
കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടാകുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്ക് കൊവിഡ് പ്രതിരോധ നടപടികളെയും സുരക്ഷാ മാര്‍ഗങ്ങളെയും കുറിച്ച് പരിശീലനം നല്‍കും. ജില്ലയില്‍ മൂന്ന് ആശുപത്രികള്‍ ഉള്‍പ്പെടെ ആറ് ആക്ടീവ് ക്ലസ്റ്ററുകള്‍ ഉണ്ട്. 13 ക്ലസ്റ്ററുകളിലെ രോഗ ബാധ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞു.
വയോജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴു വരെ വ്യാപകമായ പ്രചാരണപരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബശ്രീ, എന്‍എസ്എസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പങ്കാളിത്തം ബോധവത്കരണ കാമ്പയിനുകളില്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.