തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് വാര്‍ഡില്‍ ചികിത്സയില്‍ ഇരിക്കെ ആത്മഹത്യക്ക് ശ്രമിച്ച രോഗി മരിച്ചു. കെ എച്ച്‌ ആര്‍ ഡബ്ല്യു എസ് ഐസൊലേഷന്‍ മുറിയില്‍ ചികിത്സയിലായിരുന്ന 72 കാരിയാണ് ജനല്‍ക്കമ്പിയില്‍ കെട്ടിത്തൂങ്ങിയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഡ്യൂട്ടി നഴ്സ് ഭക്ഷണം നല്‍കിയ ശേഷം കഴിച്ചു തീര്‍ന്നോയെന്ന് വീണ്ടും വന്നു നോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്.

ഉടനെ മറ്റു ജീവനക്കാരെയും കൂട്ടി കെട്ടഴിച്ച്‌ രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. മാനസിക രോഗവിദഗ്ധര്‍ നേരത്തേ തന്നെ രോഗിയെ പരിശോധിച്ച്‌ മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. നേരത്തെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.