കൊവിഡ് വാക്‌സിന്‍ വിതരണത്തിന് പിന്നാലെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിക്കഴിഞ്ഞ രാജ്യങ്ങളില്‍ പ്രതികൂല സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു. ‌‌

വാ‌സിനേഷന് പിന്നാലെ ഉണ്ടാകുന്ന പ്രതികൂല സംഭവങ്ങള്‍ ഗൗരവമേറിയ വിഷയമാണ്. കുട്ടികളിലും ഗര്‍ഭിണികളിലും ചില പ്രതികൂല ഫലങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഡിസംബറോടെ രാജ്യത്ത് ഉപയോഗിക്കാന്‍ വേണ്ടി 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദര്‍ പൂനാവാല അറിയിച്ചു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്ര സേനക കമ്പനിയും ചേര്‍ന്ന് വികസിപ്പിച്ച കൊവി ഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങളുടെ ഫലം അനുകൂലമായാല്‍ ഉടന്‍ ഉപയോഗിക്കാനുള്ള അനുമതിയും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അദര്‍ പൂനാവാല ബ്ലൂംബെര്‍ഗ് വാര്‍ത്ത പോര്‍ട്ടലിനോട് പറഞ്ഞു.