രാജ്യത്തെ കൊവിഡ് മരണനിരക്കില്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഗുജറാത്തെന്ന് പഠനം. ഗുജറാത്തിലെ 54 മുനിസിപ്പാലിറ്റിയിലുണ്ടായ അധിക മരണം സംസ്ഥാനത്തെ ആകെ ഔദ്യോഗിക കൊവിഡ്‌ മരണസംഖ്യയേക്കാള്‍ കൂടുതലെന്നാണ് അമേരിക്കന്‍ സംഘത്തിന്റെ പഠനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2019, 2020നെ അപേക്ഷിച്ച്‌ ശരാശരി 102 ശതമാനം വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.

പ്രത്യക്ഷത്തില്‍ മറ്റൊരു ദുരന്തവും ഇല്ലാത്തതിനാല്‍ ഗുജറാത്തിലെ അധികമരണങ്ങളില്‍ ഭൂരിഭാഗവും കൊവിഡ്‌ കാരണമാണെന്ന്‌ ഹാര്‍വാര്‍ഡ് ടിസി ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍, കലിഫോര്‍ണിയ സര്‍വകലാശാല എന്നിവയിലെ ഗവേഷകരടങ്ങിയ സംഘം പറഞ്ഞു. മരണസംഖ്യയില്‍ 4.8 ഇരട്ടി വര്‍ധനയ്‌ക്ക്‌ യുക്തിസഹമായ മറ്റ്‌ വിശദീകരണമില്ലെന്നും ഇവര്‍ വ്യക്തമാക്കി.

2021 ഏപ്രിലില്‍ ഉണ്ടായത്‌ പ്രതീക്ഷിച്ചതിനേക്കാള്‍ 480 ശതമാനം അധിക മരണമാണ്. ലോകത്ത്‌ ഇതുവരെ ഒരു മാസത്തില്‍ രേഖപ്പെടുത്തപ്പെട്ട മരണനിരക്കിനേക്കാള്‍ കൂടുതലാണ്‌ ഗുജറാത്തിലുണ്ടായത്‌.

ആകെയുള്ള 162 മുനിസിപ്പാലിറ്റികളില്‍ 54 ഇടത്ത്‌ മരണ രജിസ്‌ട്രേഷന്‍ വിവരങ്ങളനുസരിച്ച്‌ 2020 മാര്‍ച്ചിനും 2021 ഏപ്രിലിനും ഇടയില്‍ 16,000 അധിക മരണം ഉണ്ടായി. ആകെ 44,568 മരണം രേഖപ്പെടുത്തി. രണ്ടാം തരംഗത്തിനിടെ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ ഘട്ടം.

അതേസമയം, 24 ജില്ലയില്‍ ഉള്‍പ്പെടുന്ന മുനിസിപ്പാലിറ്റികളിലാണ്‌ പഠനം നടത്തിയത്‌. 2019 ജനുവരി-2020 ഫെബ്രുവരി കാലയളവ്‌ അടിസ്ഥാനമാക്കിയാണ്‌ താരതമ്യം നടത്തിയത്‌. 2021 ജനുവരി- ഏപ്രിലില്‍ വരെയുള്ള കാലയളവില്‍ 17,882 മരണം രജിസ്റ്റര്‍ ചെയ്‌തു.

എന്നാല്‍, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ ഗുജറാത്തിലെ ആകെ മരണസംഖ്യ 10,080 മാത്രമാണ്‌. കൊവിഡ്‌ മരണം രേഖപ്പെടുത്തുന്നതില്‍ കാര്യക്ഷമത ഉറപ്പാക്കാന്‍ മറ്റ്‌ മാര്‍ഗം തേടണമെന്ന്‌ ഗവേഷകര്‍ നിര്‍ദേശിച്ചു.