ന്യൂഡല്‍ഹി | രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധ രൂക്ഷമായതോടെ ലോക്ഡൗണ്‍ ഇളവുകള റദ്ദാക്കാന്‍ തീരുമാനം. അണ്‍ലോക് 1.0യുടെ ഭാഗമായി നല്കിയ ഇളവുകള്‍ പിന്‍വലിച്ച് നിയന്ത്രണം കര്‍ശനമാക്കാനാണ് പഞ്ചാബ്, തമിഴ്നാട്, ഝാര്‍ഖണ്ഢ് തുടങ്ങിയ സംസ്ഥാനങ്ങളുടെ തീരുമാനം. കേരളവും കര്‍ശന നിയന്ത്രണം ഏര്‍പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്ധയുണ്ടായതോടെ വീക്കെന്‍ഡുകളിലും പൊതു അവധി ദിവസങ്ങളിലും ലോക്ഡൗണ്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി അമരിന്ദര്‍ സിംഗ് നിര്‍ദേശം നല്കി. ഈ ദിവസങ്ങളില്‍ യാത്ര ചെയ്യുന്നതിന് പാസ് നിര്‍ബന്ധമാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് മാത്രമാകും വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതി. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തുപോകുന്നവര്‍ക്ക് ഇപാസ് എടുക്കേണ്ടിവരും.
അതേസമയം, വ്യവസായിക മേഖലയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് അമരിന്ദര്‍ സിംഗ് വ്യക്തമാക്കി. ഡല്‍ഹിയില്‍ നിന്നടക്കം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമാക്കുന്ന കാര്യവും പരിഗണനയില്‍ ഉണ്ട്.
തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. 25000ല്‍ അധികം പേര്‍ക്കാണ് ചെന്നൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളില്‍ 70 ശതമാനവും ചെന്നൈയിലാണ്. ഈ സാഹചര്യത്തില്‍ ചെന്നൈയില്‍ മാത്രമായി സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്പെടുത്തിക്കൂടെ എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചിരുന്നു. ഇതനുസരിച്ച് ചെന്നൈയില്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തുന്ന കാര്യത്തില്‍ വെള്ളിയാഴ്ച തീരുമാനം അറിയിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ഝാര്‍ഖണ്ഢിലും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പെടുത്തണമെന്ന് ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.



