ന്യൂഡല്‍ഹി: എം.പിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യത. ബുധനാഴ്ചയോടെ സമ്മേളനം അവസാനിപ്പിക്കുന്ന കാര്യത്തില്‍ വിവിധ പാര്‍ട്ടികള്‍ സമവായത്തിലെത്തിയതായാണ് വിവരം. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമായി കൊണ്ടുവന്ന മുഴുവന്‍ ബില്ലുകളും അവതരിപ്പിച്ച ശേഷം സമ്മേളനം അവസാനിപ്പിക്കാനാണ് കേന്ദ്രത്തിന്‍റെ നീക്കം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

കൊവിഡ് മൂലം നീട്ടിവെച്ച പാര്‍ലമെന്റ് സമ്മേളനം ആറു മാസത്തിനു ശേഷമാണ് സെപ്തംബര്‍ 14 മുതല്‍ ചേര്‍ന്നത്. എന്നാല്‍ അംഗങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്മേളനം ഒരാഴ്ചയോളം വെട്ടിക്കുറച്ചേക്കുമെന്ന് രണ്ട് മുതിര്‍ന്ന പാര്‍ലമെന്റ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഒക്ടോബര്‍ 1 വരെ നിയന്ത്രണങ്ങളോടെ സഭ ചേരാനായിരുന്നു ആദ്യപദ്ധതി. ശനിയാഴ്ച മുതല്‍ സഭയിലെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അടക്കം നിര്‍ബന്ധിത കൊവിഡ് പരിശോധന നടത്തുന്നുണ്ട്.