മാഡ്രിഡ് : കൊവിഡിനെതിരെ കടുത്ത പോരാട്ടത്തിലാണ് ലോകം. ഇതിനിടയില്‍ ഭീതിയുടെ നിഴല്‍ സൃഷ്ടിച്ച്‌ മറ്റൊരു രോഗം കൂടി ഉടലെടുക്കുന്നു. വെസ്റ്റ് നൈല്‍ വൈറസ്. ! യൂറോപ്പില്‍ കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച സ്പെയിനിലാണ് വെസ്റ്റ് നൈല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആന്‍ഡലൂഷ്യ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന വെസ്റ്റ് നൈല്‍ കേസുകള്‍ ഭീതിയോടെയാണ് രാജ്യത്തെ ആരോഗ്യ വിദഗ്ദര്‍ കാണുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ മറ്റൊരു വൈറസ് വ്യാപനം കൂടി നേരിടേണ്ടി വരുമോ എന്നാണ് ആശങ്ക.

ആന്‍ഡലൂഷ്യയില്‍ മെനിഞ്ചോയെന്‍സെഫലിറ്റിസ് രോഗബാധയെ തുടര്‍ന്ന് ചികിത്സ തേടിയ 19 പേരില്‍ 12 പേര്‍ക്കും വെസ്റ്റ് നൈല്‍ വൈറസ് പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആന്‍ഡലൂഷ്യന്‍ സെന്റര്‍ ഫോര്‍ വൈറോളജിയില്‍ നടത്തിയ സ്രവ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.

പ്രധാനമായും ക്യൂലക്സ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് വെസ്റ്റ് നൈല്‍. ആന്‍ഡലൂഷ്യയില്‍ കൊതുകിനെ തുരത്താനായി പുകയ്ക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ചിലര്‍ക്ക് കടുത്ത പനി ഉണ്ടായിട്ടുണ്ട്. രോഗബാധിതരെല്ലാം ഐ.സി.യുവില്‍ കഴിയുകയാണ്.

സ്പെയിനില്‍ പുതിയ സ്പീഷിസിലെ കൊതുകിനെ അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതുവഴിയാണോ രോഗം പടര്‍ന്നതെന്നും ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഡെങ്കി, ചിക്കുന്‍ഗുനിയ, വെസ്റ്റ് നൈല്‍ എന്നീ രോഗങ്ങള്‍ പടര്‍ത്താന്‍ കഴിവുള്ളവയാണിവയെന്ന് വിദഗ്ദ്ധര്‍ കണ്ടെത്തിയിരുന്നു. വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച പത്തില്‍ എട്ട് പേര്‍ക്കും കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ല.

വൈറസ് ബാധിതരായ അഞ്ചില്‍ ഒരാള്‍ക്ക് തലവേദന, പനി, ശരീര വേദന, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാകും. വളരെ കുറഞ്ഞ ശതമാനം പേരില്‍ മെനിഞ്ചൈറ്റിസ് തുടങ്ങിയവ അനുഭവപ്പെടാം. വെസ്റ്റ് നൈല്‍ ഭേദമായ ചിലരില്‍ ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന ക്ഷീണം ചിലപ്പോള്‍ കണ്ടേക്കാം.

1937ല്‍ ഉഗാണ്ടയിലാണ് ആദ്യമായി വെസ്റ്റ് നൈല്‍ വൈറസിനെ കണ്ടെത്തിയത്. ശരിയായ വാക്സിന്‍ ഈ വൈറസിന് ഇതേവരെ കണ്ടെത്തിയിട്ടില്ല. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ മറ്റും കൊതുകകളിലേക്ക് പടരുന്ന വൈറസ് മനുഷ്യരിലേക്ക് പടരാം.

നിലവില്‍ 355,856 പേര്‍ക്കാണ് സ്പെയിനില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 28,605 പേര്‍ മരിച്ചു. ശക്തമായ ലോക്ക്ഡൗണിലൂടെ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിച്ച സ്പെയിനില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ രോഗികളുടെ എണ്ണം വീണ്ടും കുടുന്നുണ്ട്. മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ നഗരങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്.