മനുഷ്യശരീരത്തെ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് കൊളസ്ട്രോള്‍ എന്ന രോഗാവസ്ഥ. കൊളസ്ട്രോളിനെ അകറ്റി നിര്‍ത്താന്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ മനുഷ്യര്‍ പരീക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റവും ഫലപ്രദമായത് വ്യായാമം തന്നെയാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
നമ്മുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടി ആരോഗ്യത്തിന് ദോഷമായി മാറുന്ന അവസ്ഥയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. HDL (ഹൈ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍) നല്ല കൊളസ്ട്രോള്‍ ആണ്. കൂടുതല്‍ പ്രോട്ടീനും, കുറവ് കൊഴുപ്പും അടങ്ങിയിട്ടുള്ളത്. കൂടുതല്‍ അളവില്‍ കൊഴുപ്പും, കുറഞ്ഞ അളവില്‍ പ്രോട്ടീനും അടങ്ങിയതാണ് LDL (ലോ ഡെന്‍സിറ്റി ലിപ്പോ പ്രോട്ടീന്‍). ഇതിന്റെ അളവ് വര്‍ധിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അമിതമായ കൊളസ്ട്രോളിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത് ഭക്ഷണ രീതി തന്നെയാണ്. പാല്, മുട്ട, മാംസം എന്നിവ മിതമായ അളവില്‍ കഴിക്കുന്നത് വലിയ തോതില്‍ കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകില്ല. മുട്ടയുടെ മഞ്ഞ ഒഴിവാക്കി വേണം കഴിക്കാന്‍. രണ്ടോ മൂന്നോ ആഴ്ചയില്‍ ഒരിക്കല്‍ മാംസാഹാരവും കഴിക്കാം. അണ്ടിപ്പരിപ്പ്, നിലക്കടല, തേങ്ങ എന്നിവയുടെ മിതമായ ഉപയോഗവും നല്ലതാണെന്നാണ് റിപ്പോര്‍ട്ട്.
തുടക്കത്തില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ മരണകാരണം വരെ ഉണ്ടാകാവുന്ന അവസ്ഥയാണ് കൊളസ്ട്രോള്‍. അതുകൊണ്ട് തന്നെ കൃത്യമായ ജീവിത രീതിയും, വ്യായാമവും, ഭക്ഷണവും പതിവാക്കുക.



