കൊല്ലത്ത് യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. അനൂപ് ഓർത്തോകെയർ ആശുപത്രി ഉടമ. ഡോ. അനൂപ് കൃഷ്ണനെ (35)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു.
അനൂപിന്റെ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കുട്ടിയുടെ കാലിന്റെ വളവ് മാറ്റുന്നതിനായി കഴിഞ്ഞ മാസം 23നായിരുന്നു അനൂപിന്റെ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. അതിന് ശേഷം കുട്ടിയെ കാണിച്ചില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു.
തുടർന്ന് രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയ സ്തംഭനം ഉണ്ടായി. കുട്ടിയെ കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് അനൂപ് ഓർത്തോകെയർ ആശുപത്രി അധികൃതർ പറഞ്ഞു. ഇതേ തുടർന്ന് കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി മണിക്കൂറുകൾക്ക് മുൻപ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.