കണ്ണൂര്‍ : ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനക്കിടെ എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാന ശരാശരിയേക്കാള്‍ രോഗികളുടെ എണ്ണം കൂടുന്നത് ജില്ലയില്‍ ഭീതി വര്‍ധിപ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച എട്ടു പേരും മുംബൈയില്‍ നിന്നും വന്നവരാണ്. കോട്ടയം മലബാര്‍ സ്വദേശികളായ നാലും 15ഉം വയസ്സുള്ള പെണ്‍കുട്ടികള്‍, 10 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികള്‍, ഒരു 12 വയസ്സുകാരന്‍, 41ഉം 39ഉം വയസ്സുള്ള പുരുഷന്‍മാര്‍ 38കാരിയായ സ്ത്രീ എന്നിവരാണ് മുംബൈയില്‍ നിന്നെത്തിയവര്‍. മെയ് 23ന് നാട്ടിലെത്തിയ ഇവര്‍ 28ന് അഞ്ചരക്കണ്ടി കൊറോണ ചികിത്സാ കേന്ദ്രത്തില്‍ നിന്ന് സ്രവ പരിശോധനയ്ക്ക് വിധേയരായിരുന്നു.

ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 222 ആയി. ഇതില്‍ 123 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു നിലവില്‍ ജില്ലയില്‍ 9669 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 204 പേര്‍ വിവിധ ആശുപത്രികളിലും 9464 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6822 സാമ്ബിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 6331 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5959 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 491 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.