കൊച്ചി: തിങ്കളാഴ്ച സര്‍വീസുകള്‍ പുനരാരംഭിക്കാനിരിക്കെ കൊച്ചി മെട്രോ ട്രെയിനില്‍ യാത്രാ നിരക്ക് കുറച്ചു. കൂടിയ നിരക്ക് 60 രൂപയായിരുന്നത് കുറച്ച്‌ 50 രൂപയാക്കി. കൊച്ചി വണ്‍ കാര്‍ഡ് ഉപയോ​ഗിക്കുന്നവര്‍ക്ക് പത്ത് ശതമാനം കൂടി ഇളവും ലഭിക്കും.

കോവിഡിനെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തി വച്ച മെട്രോ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ മാസം ഏഴ് മുതല്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്ര. സീറ്റുകളില്‍ സാമൂഹിക അകലം പാലിച്ച്‌ യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

സര്‍വീസ് ആരംഭിക്കുന്ന ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ (7, 8) മെട്രോയ്ക്ക് ഉച്ചയ്ക്ക് അവധിയായിരിക്കും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രണ്ട് വരെയാവും സര്‍വീസ്. കൂടാതെ ഇതേ ദിവസങ്ങള്‍ രാത്രി എട്ടിന് സര്‍വീസ് അവസാനിക്കുകയും ചെയ്യും.

യാത്രക്കാരുടെ തിരക്ക് എത്രയുണ്ടെന്നു പരിശോധിച്ചു സര്‍വീസ് പൂര്‍വസ്ഥിതിയില്‍ ആക്കിയാല്‍ മതിയെന്നാണു തീരുമാനം. അതിന്റെ ഭാഗമാണു രണ്ടു ദിവസത്തെ നിയന്ത്രണങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാവും മെട്രോയുടെ പ്രവര്‍ത്തനം. ട്രെയിനിന്റെ വാതില്‍ സ്റ്റേഷനുകളില്‍ 20 സെക്കന്‍ഡ് തുറന്നിടും. ട്രെയിനിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകള്‍ക്കു തിരക്കുണ്ടാക്കാതെ കയറാനും ഇറങ്ങാനും വേണ്ടിയാണിത്. കൂടാതെ തൈക്കൂടം, ആലുവ സ്റ്റേഷനുകളില്‍ ഓരോ യാത്രയ്ക്കു ശേഷവും ട്രെയിനിന്റെ എല്ലാ വാതിലുകളും 5 മിനിറ്റ് തുറന്നിടും.

7,8 ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 12 വരെയും ഉച്ചയ്ക്ക് 2മുതല്‍ രാത്രി 9 വരെയും 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസുണ്ടാകും. ഉച്ചയ്ക്ക് 12 മുതല്‍ 2വരെയുള്ള സമയത്ത് 20 മിനിറ്റ് ഇടവിട്ട് സര്‍വീസ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സര്‍വീസ് രാവിലെ 7 മുതല്‍ രാത്രി 9 വരെയായിരിക്കും. അവസാന ട്രെയിന്‍ ആലുവ, തൈക്കൂടം സ്റ്റേഷനുകളില്‍ നിന്നു രാത്രി 9നു പുറപ്പെടും. 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസ്. ഞായറാഴ്ച സര്‍വീസ് രാവിലെ 8 മുതല്‍ മാത്രം.