ന്യൂഡല്‍ഹി: കേരളത്തിലെ ജയിലുകള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളാണെന്നും ജയിലുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ഥലപരിമിതി മൂലം തടവുകാര്‍ക്കിടയില്‍ സാമൂഹിക അകലം പാലിക്കാന്‍ കഴിയുന്നില്ലെന്നും തടവു പുള്ളികള്‍ക്ക് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിര്ജീവമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കണ്ണൂര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴ് തടവുകാരെ തലശേരി സബ് ജയിലില്‍ ചെറിയ മുറിയിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. 34 തടവുകാര്‍ക്കായി നാല് ശുചിമുറികള്‍ മാത്രമാണുള്ളത്. യാതൊരു മുന്‍കരുതലും സ്വീകരിക്കാത്തതിനാല്‍ തലശേരി ജയിലില്‍ കഴിയുന്ന 34 പേരില്‍ 30 പേര്‍ക്ക് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ചു.
തന്റെ ഭര്‍ത്താവ് പരോളിനു ശേഷം ജയിലില്‍ തിരികെ എത്തിയതിനു പിന്നാലെ കോവിഡ് പിടിപെട്ടെന്നും ഹര്‍ജിക്കാരി പറയുന്നു. പൂജപ്പുര ജയിലില്‍ ഒരാള്‍ മരിക്കുകയും 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.