കൊച്ചി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സങ്കര ചികിത്സ ഉത്തരവിനെതിരെ രാജ്യ വ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ)ഇന്ന് നില്പ് സമരം നടത്തും. സംസ്ഥാനത്തെ മുഴുവന്‍ മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാരും ഉച്ചക്ക് 12 മുതല്‍ രണ്ട് വരെ ജോലി ബഹിഷ്കരിച്ച് നില്പ് സമരം നടത്തും.
കേരളത്തിലെ 109 ഐ.എം.എ ശാഖകളിലെയും ഡോക്ടര്‍മാര്‍ ചെറുസംഘങ്ങളായിട്ടാണ് നില്പ് സമരത്തില്‍ പങ്കെടുക്കുക. ഐ.എം.എ കൊച്ചി ശാഖയുടെ ആഭിമുഖ്യത്തില്‍ നഗരത്തിലെ മുഴുവന്‍ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ശാഖ പ്രസിഡന്റ് ഡോ.ടി.വി.രവി, സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍ എന്നിവര്‍ അറിയിച്ചു.
ആയുര്‍വേദം ഇന്ത്യയുടെ തനത് പാരമ്പര്യചികിത്സ രീതിയാണ്. ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്. മോഡേണ്‍ മെഡിസിനില്‍ അനുവര്‍ത്തിക്കുന്ന 58തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദ വിദഗ്ധരെക്കൊണ്ട് നടത്തിക്കുവാനുള്ള കേന്ദ്ര സര്‍ക്കാറിെന്റ തീരുമാനത്തിനെതിരെയാണ് സമരം.