ന്യൂഡൽഹി : പോലീസ് കസ്റ്റഡിയിലിരിക്കേ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്താൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി കലാപകേസ് പ്രതി ഉമർ ഖാലിദ് നൽകിയ അപേക്ഷ കോടതി തള്ളി. ഡൽഹി കോടതിയാണ് ഉമർ ഖാലിദിന്റെ അപേക്ഷ തള്ളിയത്. രണ്ട് ദിവസം കൂടുമ്പോൾ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്താൻ അനുവദിക്കണമെന്നായിരുന്നു ഉമറിന്റെ ആവശ്യം .
കസ്റ്റഡിയിലിരിക്കേ രണ്ട് ദിവസം കൂടുമ്പോൾ 30 മിനിറ്റ് നേരം വീട്ടുകാരുമായി സംസാരിക്കണം എന്നായിരുന്നു അപേക്ഷയിലെ ഉമറിന്റെ ആവശ്യം. എന്നാൽ വീട്ടുകാരുമായി നടത്തുന്ന കൂടിക്കാഴ്ചകൾ കേസ് അന്വേഷണത്തെയും ചോദ്യം ചെയ്യലിനെയും ബാധിക്കുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അമിത് പ്രസാദ് ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് കോടതി അപേക്ഷ തള്ളിയത്.
കസ്റ്റഡിയിൽ ഇരിക്കെ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള വകുപ്പ് സിആർപിസി നിയമത്തിൽ ഇല്ലെന്ന് അമിത് പ്രസാദ് കോടതിയിൽ വ്യക്തമാക്കി. ജുഡീഷ്യൽ കസ്റ്റഡിയിൽ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്താൻ അനുമതി നൽകാം. നിലവിൽ വീട്ടുകാരുമായി പ്രതി കൂടിക്കാഴ്ച നടത്തുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും അമിത് പ്രസാദ് കോടതിയെ ബോധിപ്പിച്ചു.
വാദം കേട്ട ശേഷം പ്രതിയുടെ അപേക്ഷയ്ക്ക് അനുമതി നൽകാൻ തക്ക യാതൊരു പഴുതും കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ പ്രതിയുടെ അപേക്ഷ കോടതി തള്ളുകയാണെന്നും ഉത്തരവിട്ടു.