കേരള- തമിഴ്നാട് അതിർത്തിയായ നീലഗിരി പന്തല്ലൂരിൽ ജനവാസകേന്ദ്രത്തിലെത്തി പ്രദേശവാസികളെ നിരന്തരം ആക്രമിച്ചിരുന്ന കാട്ടാനയെ പിടികൂടാൻ ശ്രമം തുടങ്ങി. മൂന്ന് കുങ്കിയാനകളെ എത്തിച്ച് കാട്ടാനയെ പിടികൂടാനാണ് ശ്രമം. ഡ്രോൺ എത്തിച്ച് ആനയുടെ സഞ്ചാരവഴി ലോക്കേറ്റ് ചെയ്താണ് വനംവകുപ്പിന്റെ നീക്കം. കാട്ടാനയുടെ ആക്രമണത്തിൽ ആനപ്പളളത്ത് അച്ഛനും മകനും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.

ആനപ്പള്ളത്ത് കാട്ടാനയുടെ ആക്രമണത്തിൽ അച്ഛനും മകനും കൊല്ലപ്പെട്ടതിന് പിന്നാലെ അപകടകാരിയായ കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് കാട്ടാനയെ മയക്കുവെടിവെച്ച് വീഴ്ത്താൻ മുതുമലയിൽ നിന്ന് ബൊമ്മൻ,വിജയി എന്നീ കുങ്കിയാനകളെ പ്രദേശത്തെത്തിച്ചത്. ഡ്രോൺ ഉപയോഗിച്ച് ആനയെ കണ്ടെത്തിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെയാകും കാട്ടാനയെ മാറ്റുക. വനംവകുപ്പ് ഡോക്ടർമാരായ മനോഹരൻ, സുകുമാരൻ എന്നിവരും മുഴുവൻ സമയവും സംഭവസ്ഥലത്തുണ്ട്. ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ കൗൺസിലർ ആനന്ദ്രാജ്(55),മകൻ പ്രശാന്ത്(20)എന്നിവരെ കഴിഞ്ഞ ദിവസമാണ് ജോലികഴിഞ്ഞ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാന ചവിട്ടിയും നിലത്തടിച്ചും കൊലപ്പെടുത്തിയത്.