കോട്ടയം/തൊടുപുഴ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്ന താല്‍പര്യം പാലാ ഉപതിരഞ്ഞടുപ്പില്‍ കാണിച്ചിരുന്നെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിക്കാന്‍ കഴിയുമായിരുന്നെന്ന് കേരള കോണ്‍ഗ്രസ് .
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ജോസഫ് വിഭാഗവുമായി കരാര്‍ ഒന്നും ഇല്ലെന്നും ജോസ് വിഭാഗം ആവര്‍ത്തിച്ചു.പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസിന് (എം) ലഭിക്കുന്ന കാലയളവില്‍ സഖറിയാസ് കുതിരവേലിലിനും സെബാസ്റ്റ്യന്‍ കുളത്തുങ്കലിനും നല്‍കാമെന്ന കരാര്‍ രേഖകളും ജോസ് വിഭാഗം പുറത്തുവിട്ടു. ഇതല്ലാതെ കരാര്‍ ഉണ്ടെങ്കില്‍ പുറത്തുവിടാന്‍ പി.ജെ.ജോസഫിനോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന ജോസഫിന്റെ പ്രസ്താവനയും ജോസ് വിഭാഗം തള്ളി. നോട്ടിസ് കൊടുക്കണമെങ്കില്‍ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ (8 പേര്‍) വേണം. ജോസഫിന്റെ കൂടെയുള്ളത് 2 പേരാണെന്നും ജോസ് വിഭാഗം പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം വരുന്ന തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന്റെ വിജയത്തെ ബാധിക്കുമെന്ന് കോട്ടയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. ഡിസിസിയുടെ വികാരം കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയെ അറിയിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.എം. നസീറിനെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് രൂപീകരിച്ച ധാരണ പാലിക്കണം, തര്‍ക്കം പരിഹരിക്കാന്‍ കെപിസിസി ഇടപെടണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു.
അതേസമയം, സ്ഥാന കൈമാറ്റം സംബന്ധിച്ചു യുഡിഎഫ് ധാരണ അനുസരിച്ചു മുന്നോട്ടുപോകുമെന്നു പി.ജെ.ജോസഫ് എംഎല്‍എ തൊടുപുഴയില്‍ പറഞ്ഞു. മുന്നണിവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ഞങ്ങളല്ല. മുന്നണിക്കു നേതൃത്വം നല്‍കുന്നവര്‍ മുന്നണി തീരുമാനം നടപ്പാക്കും എന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ അവിശ്വാസമടക്കമുള്ള കാര്യങ്ങളിലേക്കു കടക്കേണ്ടി വരും-ജോസഫ് വ്യക്തമാക്കി.