ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അസോസിയേഷൻ മന്ദിരയങ്കനത്തിൽ ഓഗസ്റ്റ് 15 രാവിലെ 10 മണിക്ക് അസോസിയേഷൻ പ്രസിഡന്റ്‌ ഡാനിയേൽ കുന്നേൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തി. അസോസിയേഷൻ സെക്രട്ടറി പ്രദീപ് നാഗനൂൽ, ഐ സി ഇ സി സെക്രട്ടറി ജോസ് ഓച്ചാലിൽ, ട്രഷറർ ഷിബു ജെയിംസ്, മെമ്പർ ഷിപ് ഡയറക്ടർ ദീപക് മഠത്തിൽ, ലൈബ്രറി ഡയറക്ടർ ഫ്രാൻസിസ് തോട്ടത്തിൽ,

പിക്നിക് ഡയറക്ടർ സാബു മാത്യു, എഡ്യൂക്കേഷൻ ഡയറക്ടർ ലേഖ നായർ എന്നിവർ ചേർന്ന് ദേശീയ ഗാനം ആലപിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ എക്സിക്യൂട്ടീവ് മെംബേർസും, ഐ സി ഇ സി യുടെ എക്സിക്യൂട്ടീവ് മെംബേർസും സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.

ആളുകൾ ഒത്തുചേരുന്നത് രോഗ വ്യാപനത്തിന് വഴിവെക്കുമെന്ന കാരണത്താൽ തികഞ്ഞ ജാഗ്രതയോടെ പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ടാണ് അസോസിയേഷൻ സ്വാതന്ത്ര്യദിന പരിപാടി നടത്തിയത് . പ്രതിസന്ധികളും പ്രയാസങ്ങളുമില്ലാതെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടി

അടുത്ത വർഷമെങ്കിലും നടക്കുമെന്ന പ്രതീക്ഷ പ്രസിഡന്റ്‌ ഡാനിയേൽ കുന്നേൽ തന്റെ പ്രസംഗത്തിൽ പങ്കു വെക്കുകയുണ്ടായി. ജീവിക്കുന്ന നാട്ടിൽ നിന്നു കൊണ്ടു ജന്മനാട്ടിലെ സ്വാതന്ത്ര്യ സമര സേനാനികളെ സ്നേഹാദരങ്ങളോടെ ഓര്‍മ്മിപ്പിക്കുന്ന ദിനം കൂടിയാണ് എന്ന് പ്രസിഡന്റ്‌ തന്റെ പ്രസംഗത്തിൽ കൂട്ടി ചേർക്കുകയുണ്ടായി.

(അനശ്വരം മാമ്പിള്ളി)