കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലെത്തിയ 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മാസത്തിനിടെ അതിര്‍ത്ത് കടന്ന് എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് 52 പേര്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. മെയ് 19 മുതല്‍ ജൂണ്‍ 20 വരെ തമിഴ്നാട് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്ത് വിട്ട കണക്കാണിത്. ജൂണ്‍ 20ന് തമിഴ്നാട് ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്ക് പ്രകാരം കേരളത്തില്‍ നിന്നെത്തിയ നാല് പേര്‍ക്ക് കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയിട്ടുള്ളവര്‍ കോവിഡ് പോസിറ്റീവാവുന്ന സാഹചര്യം സാമൂഹ്യ വ്യാപന സാധ്യതയാണ് തെളിയിക്കുന്നതെന്ന് ആരോഗ്യ വകുപ്പിലെ ഒരു പക്ഷം വാദിക്കുന്നു. എന്നാല്‍ തമിഴ്നാട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ഇതുവരെ കൈമാറിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

മെയ് 19നാണ് കേരളത്തില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയയാള്‍ക്ക് ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. വിമാനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് തമിഴ്നാട് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന് പുറമെ റോഡ്, റെയില്‍ മാര്‍ഗം എത്തുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കാനും തമിഴ്നാട് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. തമിഴ്നാട്ടില്‍ രോഗ വ്യാപനവും കോവിഡ് ബാധിച്ചുള്ള മരണവും കൂടിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാക്കിയത്. ഇതനുസരിച്ച്‌ അതിര്‍ത്തി കടന്നെത്തുന്നവരുടെയെല്ലാം സാംപിളുകള്‍ പരിശോധനയ്ക്കയക്കും. ഇത്തരത്തില്‍ നടത്തിയ പരിശോധനകളിലാണ് കേരളത്തില്‍ നിന്നെത്തിയ 52 പേരില്‍ രോഗം സ്ഥിരീകരിച്ചത്.
ഇത് കേരളത്തില്‍ സാമൂഹ്യവ്യാപനം നടന്നതിനുള്ള തെളിവായാണ് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരടക്കം ചിലര്‍ പറയുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തന സംഘത്തിലുള്ള ഒരു ഡോക്ടര്‍ പറയുന്നു ‘ തമിഴ്നാട് പരിശോധന നിര്‍ബന്ധമാക്കിയതിനാല്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നു. അവിടെ പരിശോധകളില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട മലയാളികള്‍ ആരും തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. ഒരു മാസത്തിനിടെ 52 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നത് തന്നെ സാമൂഹ്യ വ്യാപനമുണ്ടായതിന്റെ ലക്ഷണമായി കണക്കാക്കാവുന്നതാണ്. കേരളത്തില്‍ വച്ച്‌ രോഗികളാണെന്ന് സംശയം പോലും തോന്നാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കുമ്ബോള്‍ പോസിറ്റീവ് ആവുന്നത് ശുഭ സൂചനയല്ല. കേരളത്തിലും ഇതുവരെ പോസിറ്റീവ് ആയതില്‍ രോഗം പടര്‍ന്നത് എങ്ങനെ എന്ന് മനസ്സിലാവാത്ത മുപ്പതിലധികം കേസുകളുണ്ട്. മരിച്ച എക്സൈസ് ഡ്രൈവറടക്കം ഇത്തരത്തില്‍ സോഴ്സ് വ്യക്തമല്ലാത്ത കേസാണ്.’
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് ചെന്നൈയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനടുത്തേക്ക് പോയ യുവതിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തമിഴ്നാട് സര്‍ക്കാര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന നിര്‍ബന്ധിത പരിശോധനയ്ക്ക് അവര്‍ വിധേയയായിരുന്നു. ഫലം വന്നപ്പോള്‍ കോവിഡ് രോഗ ബാധിതയാണ്. എന്നാല്‍ യുവതി ഒരുവിധ രോഗ ലക്ഷണങ്ങളും കാണിച്ചിരുന്നില്ല. ഇതുള്‍പ്പെടെ തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളും കേരളത്തില്‍ സോഴ്സുകള്‍ വ്യക്തമല്ലാത്ത രോഗികളും രോഗം പല തട്ടില്‍ വ്യാപിച്ചിട്ടുണ്ടെന്നതിന്റെ ഉദാഹരണങ്ങളായാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേ സമയം കേരളത്തില്‍ രോഗ ബാധിതരായവരുടെ എണ്ണത്തില്‍ വലിയ വര്‍ധനയും ഉണ്ടായി. മെയ് നാല് മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളില്‍ 2540 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് ഇതില്‍ 2288 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്ത് നിന്നോ വന്നവരാണ്. 252 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്നലെ 127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ഇന്നലെ വരെയുള്ള കണക്കെടുത്താല്‍ 1,78,559 പേരിലാണ് പരിശോധന നടത്തിയത്. റുട്ടീന്‍ സാമ്ബിള്‍, ഓഗ്മെന്റഡ് സെന്റിനല്‍, പൂള്‍ഡ് സെന്റില്‍, സി ബി നാറ്റ്, ട്രൂനാറ്റ് എന്നിങ്ങനെ വിവിധ പരിശോധനാ രീതികളാണ് കേരളത്തില്‍ നടക്കുന്നത്. അന്യ സംസ്ഥാനത്ത് നിന്നോ വിദേശത്ത് നിന്നോ എത്തുന്നവരില്‍ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവരെ പരിശോധയ്ക്ക് വിധേയമാക്കുന്നില്ല. ക്വാറന്റൈനില്‍ വിടുകയും രോഗ ലക്ഷണങ്ങള്‍ കാണിച്ചാല്‍ മാത്രം പരിശോധിക്കുകയും ചെയ്യുന്നതാണ് രീതി. എന്നാല്‍ ‘ സൈലന്റ് കേസുകളാണ് പലതും എന്ന് കേരളത്തിലേയും തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേയും കണക്കുകള്‍ തെളിയിക്കുന്നു. അങ്ങനെ വരുമ്ബോള്‍ രോഗ സാധ്യതയേറാനും സമ്ബര്‍ക്കത്തിലൂടെ രോഗം പടരാനുള്ള സാധ്യതകളും എല്ലാം നിലനില്‍ക്കുന്നു. ചുരുങ്ങിയത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും എത്തുന്നവരെയെങ്കിലും പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വലിയ തോതിലുള്ള സമൂഹ വ്യാപനം ഒഴിവാക്കാനാവൂ.’ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
സമൂഹ വ്യാപന സാധ്യതയാണ് ആരോഗ്യ വകുപ്പും സര്‍ക്കാരും മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ കേരളത്തില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടെന്നും അണ്‍ ഐഡന്റിഫൈഡ് സോഴ്സുകള്‍ അതിന് ഉദാഹരണങ്ങളാണെന്നും പരിശോധനകള്‍ നടത്താത്തതിനാല്‍ ഇക്കാര്യം വെളിപ്പെടാത്തതാണെന്നും ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരടക്കം നിരവധി തവണ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തിലെ പരിശോധനാ നിരക്ക് ദേശീയ ശരാശരിയിലും വളരെ ഉയര്‍ന്നതാണെന്നും വേണ്ടത്ര പരിശോധനകള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നുമായിരുന്നു ആരോഗ്യ വകുപ്പ് അധികൃതരുടെ മറുപടി. സമൂഹ വ്യാപനം എന്നത് ഇന്നോ അല്ലെങ്കില്‍ നാളെയോ ഒരു യാഥാര്‍ഥ്യമായി മാറുമെന്ന് നിപ പ്രതിരോധ പ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്ന, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന എപിഡമോളജിസ്റ്റ് എ സുകുമാരന്‍ പറയുന്നു. ‘ സമൂഹ വ്യാപനമാണ് വൈറസിന്റെ പ്രത്യേകത തന്നെ. അതെന്തായാലും ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കും. കേസുകളുടെ എണ്ണം ഇനിയും ഏറെ വര്‍ധിക്കും. എന്നാല്‍ കേസുകളുടെ എണ്ണം കൂടുന്നതില്‍ അത്രകണ്ട് ഭയപ്പെടേണ്ടതില്ല. പകരം ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ചെയ്യാനുള്ളത്. മരണങ്ങളും ഉണ്ടായേക്കാം. എന്നാല്‍ മരണങ്ങള്‍ പരമാവധി ഒഴിവാക്കാനായി ചികിത്സ നല്‍കുക എന്നത് മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി. കൂടുതല്‍ പേര്‍ വിദേശത്ത് നിന്നെത്തുമ്ബോള്‍ കേരളത്തില്‍ രോഗം കൂടാനുള്ള സാധ്യതയേറെയാണ്. പക്ഷെ കേരളത്തില്‍ ഉണ്ടാവുന്നതില്‍ ഭൂരിഭാഗവും കാഠിന്യം കുറഞ്ഞ കേസുകളാണ്. ചിലത് മാത്രമാണ് ഗുരുതരാവസ്ഥകളിലേക്ക് പോവുന്നത്. പരമാവധി സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്നത് ഒഴിവാക്കുക. ക്വാറന്റൈന്‍ കര്‍ശന നിയന്ത്രണങ്ങളോടെ ശക്തമാക്കുക. ചികിത്സ കൃത്യ സമയത്ത് ഫലപ്രദമായി നല്‍കുക ഇതെല്ലാമാണ് ചെയ്യാന്‍ സാധിക്കുക.’
അണ്‍ ഐഡന്‍ന്റിഫൈഡ് സോഴ്സില്‍ നിന്ന് രോഗം പടര്‍ന്നു എന്ന വാദത്തോടും പൂര്‍ണ യോജിപ്പില്ല എന്നും അദ്ദേഹം പറയുന്നു. രോഗ ലക്ഷണങ്ങളില്ലാത്തവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് യഥാര്‍ഥത്തില്‍ ഗുണകരമായ കാര്യമാണെന്നും ഡോ.സുകുമാരന്‍ പറയുന്നു. ‘ സോഴ്സ് കണ്ടെത്തണമെങ്കില്‍ വിശദമായ ഫീല്‍ഡ് സ്റ്റഡി വേണം. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ അത്തരം വിശദമായ ഫീല്‍ഡ് സ്റ്റഡിക്ക് സാധ്യതയില്ല. അത് പ്രായോഗികവുമല്ല. രണ്ട്, രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ രോഗം സ്ഥിരീകരിക്കുന്നു എന്നതിലും ആശങ്ക വേണ്ട. പകരം അത് സമൂഹത്തിനും ആരോഗ്യവകുപ്പിനും ഗുണകരമാണെന്നാണ് മനസ്സിലാക്കല്‍. രോഗ ലക്ഷണങ്ങള്‍ കാണിക്കാതെ വൈറസ് കാര്യര്‍ ആവുന്നവരിലാവും ഇമ്യൂണ്‍ ഉണ്ടായിവരിക. അങ്ങനെ കേസുകള്‍ കൂടുതലാവുന്ന സാഹചര്യത്തിലാവും സമൂഹം രോഗ പ്രതിരോധ ശേഷി നേടുക. ചിലപ്പോള്‍ അതുണ്ടാവുന്ന സാഹര്യത്തില്‍ ദോഷമായി വരികയും വ്യാപനം ഉണ്ടാവുകയും ചെയ്താലും മുന്നോട്ട് പോവുന്തോറും സമൂഹം ഇമ്മ്യൂണ്‍ ആവും.’
കേരളത്തില്‍ നിന്ന് തമിഴ്നാട്ടിലേക്കെത്തിയവര്‍ കോവിഡ് പോസിറ്റീവ് ആയ വിവരം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്ന് സാമൂഹ്യ കേരള മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പ്രതികരിച്ചു. അവര്‍ കണക്കുകള്‍ പുറത്ത് വിട്ടു എന്നല്ലാതെ സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കുകയോ ഡാറ്റ കൈമാറുകയോ ചെയ്തിട്ടില്ല. വിശദ വിവരങ്ങള്‍ തമിഴ്നാട് സര്‍ക്കാര്‍ കൈമാറുന്ന മുറയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്നവര്‍ കോവിഡ് പോസിറ്റീവ് ആയാലും സംസ്ഥാനം മറ്റ് സംസ്ഥാനങ്ങള്‍ക്ക് അത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാറില്ലെന്നും അതിനാല്‍ തിരിച്ചും അത് സംഭവിക്കാറില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു