കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയ ജനപ്രതിനിധികളിൽ ഭൂരിഭാഗം പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും കോടീശ്വരന്മാരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായെന്നും റിപ്പോർട്ട്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (ADR) കേരള ഇലക്ഷൻ വാച്ചും സംയുക്തമായി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ആകെ 140 വിജയികളിൽ 135 പേരുടെ സത്യവാങ്മൂലമാണ് വിശകലനം ചെയ്തത്.

റിപ്പോർട്ട് പ്രകാരം 114 എംഎൽഎമാർ (84 ശതമാനം) തങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ടെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് 96 പേർ (71 ശതമാനം) മാത്രമായിരുന്നു. ഇതിൽ 77 പേർക്കെതിരെ (57 ശതമാനം) ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. കഴിഞ്ഞ തവണ 37 പേർ (27 ശതമാനം) മാത്രമായിരുന്നു ഈ വിഭാഗത്തിൽ ഉണ്ടായിരുന്നത്.