തിരുവനന്തപുരം: കോവിഡിനോട് കേരളം പ്രതികരിച്ച രീതി ലോകത്തെയാകെ അത്ഭുതപ്പെടുത്തുന്നതാണെന്നു പ്രസിദ്ധ തത്വചിന്തകനും സാമൂഹ്യ വിമര്‍ശകനുമായ നോം ചോംസ്കി. കേരള ഡയലോഗ് എന്ന തുടര്‍ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ചു സ്ഥലങ്ങളേ ഈ രീതിയില്‍ കോവിഡിനെ നേരിട്ടിട്ടുള്ളൂ. യുഎസിന്റെ ആക്രമണത്തില്‍ ശിഥിലമായ വിയറ്റ്നാമും മികച്ച രീതിയില്‍ മഹാമാരിയെ നേരിട്ടു. വിയറ്റ്നാമില്‍ ഒരു മരണം പോലും ഉണ്ടായില്ല. ചൈനയുമായി 1400 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് വിയറ്റ്നാം. ലോകത്തിലെ അസാധാരണമായ അസമത്വം കൂടുതല്‍ തെളിച്ചത്തോടെ കാണിക്കാന്‍ കോവിഡ് മഹാമാരിക്ക് കഴിഞ്ഞു. കോവിഡ് മഹാമാരി അവസാനിക്കുന്പോള്‍ ലോകത്ത് അടിസ്ഥാനപരമായ മാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് നിലവിലുള്ള അവസ്ഥ തുടരാനും കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്കും നിയന്ത്രണങ്ങളിലേക്കും ജനങ്ങളെ നിരീക്ഷിക്കുന്ന രീതിയിലേക്കും പോകാനുമാണ് അമേരിക്കയെ പോലുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്ന് ചോംസ്കി പറഞ്ഞു.