ന്യൂയോർക്ക്∙ കോവിഡ് കേരളത്തെ പിടിമുറുക്കിയ ഈ സാഹചര്യത്തിൽ അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ അല, കേരളത്തിലേക്ക് അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കെയർ ആന്റ് ഷെയറുമായി എന്ന ചാരിറ്റി സംഘടനയുമായി സഹകരിച്ച് അമേരിക്കയിൽ നിന്നു കേരളത്തിലേക്ക് ആവശ്യമായ മെഡിക്കൽ സാമഗ്രികൾ വാങ്ങി എത്തിക്കുന്നതിനു വേണ്ടിയുള്ള ഫണ്ട് ശേഖരണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത് ആദ്യ ഷിപ്പ്മെന്റ് ഈ ആഴ്ച തന്നെ കേരളത്തിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓക്സിജൻ കോൺസൺട്രേറ്റർ, ഓക്സിഫ്ലൊ വാൽവുകൾ, N95 മാസ്കുകൾ, പൾസ് ഓക്സിമീറ്റർ എന്നിവയടക്കം സംസ്ഥാനത്ത് ഇപ്പോൾ ക്ഷാമമുള്ള സാമഗ്രികൾ വാങ്ങി അയക്കുക എന്നതാണ് അലയുടെ ലക്ഷ്യം. കേരള സർക്കാരിനു നേരിട്ടായിരിക്കും അല ഇതു കൈമാറുക. സർക്കാരിന്റെ നേതൃത്വത്തിലാണ് വിതരണം നടക്കുക. ആരോഗ്യ വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അലയുടെ ഈ സംരംഭത്തിന് പൂർണ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ചില മലയാളി സംഘടനകൾ ഇതിനകം തന്നെ അലയുടെ ഈ ഉദ്യമവുമായി കൈകോർത്തിട്ടുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതു കൊണ്ട് മാറിവരുന്ന ആവശ്യങ്ങളും പരിഗണിച്ചായിരിക്കും സാമഗ്രികൾ വാങ്ങി അയക്കുക. മേയ് 31 ന് മുമ്പ് ഒരു ലക്ഷം ഡോളർ പിരിക്കുക എന്നതാണ് ഫണ്ടിന്റെ ഉദ്ദേശമെന്ന് അല പ്രസിഡന്റ് ഷിജി അലക്സ് അറിയിച്ചു.

ഫണ്ട് ശേഖരണം തുടങ്ങി 48 മണിക്കൂറിനുള്ളിൽ 40000 ഡോളറാണ് ഫെയ്സ്ബുക്കിലൂടെയും ഗോ ഫണ്ട് മീയിലൂടെയും സമാഹരിച്ചത്. അലയുടെ ഫെയ്സ്ബുക്ക് പേജിൽ സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട ലിങ്ക് ലഭ്യമാണ്. അമേരിക്കയുടെ പുറത്തുള്ളവർക്കും ഇതിലേക്ക് സംഭാവന ചെയ്യാം. തീർത്തും സുതാര്യമായി നടക്കുന്ന ഈ ഉദ്യമത്തിലൂടെ ആവശ്യക്കാരുടെ കയ്യിൽ തന്നെ സഹായമെത്തുമെന്ന കാര്യവും അല ഉറപ്പുവരുത്തുന്നുണ്ട്. .ഈ ലിങ്കിലൂടെ ഫെയ്സ്ബുക്കിലും https://www.facebook.com/donate/470099130888657 ഈ ലിങ്കിലൂടെ ഗോ ഫണ്ട് മീയിലും https://charity.gofundme.com/…/ala-fundraiser-to… സംഭാവന നൽകാം.