ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് പുതിയൊരു കേന്ദ്രമന്ത്രിയുണ്ടാകാൻ സാധ്യത. രാജ്യസഭാ കലാവധി പൂർത്തിയാക്കുന്ന ജോർജ് കുര്യൂ കേന്ദ്രമന്ത്രിയായി തുടരുമോയെന്നത് കാത്തിരുന്ന് കാണേണ്ടതുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്ന് സീറ്റുകൾ ലഭിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ഒരുനേതാവ് കൂടി മോദിയുടെ മന്ത്രിസഭയിലെത്തുമെന്നാണ് റിപ്പോർട്ട്. സി സദാനന്ദൻ , കെ സുരേന്ദ്രൻ , അനൂപ് ആൻ്റണി , അനിൽ ആൻ്റണി തുടങ്ങിയ പേരുകളാകും ബിജെപി പരിഗണിക്കുക. സാധ്യതകൾ നോക്കാം.

സി സദാനന്ദൻ മാസ്റ്റർ

സിപിഎം അക്രമ രാഷ്ട്രീയത്തിൻ്റെ ഇര എന്ന പ്രതിച്ഛായ ഉള്ള നേതാവാണ് സി സാദനന്ദൻ. നിലവിൽ രാജ്യസഭാംഗമായ ഇദ്ദേഹമാണ് മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ള ആദ്യത്തെയാൾ. കേരളത്തിലെ ബിജെപി – ആർഎസ്എസ് രാഷ്ട്രീയത്തിൽ വൈകാരിക പശ്ചാത്തലമുള്ള മുതിർന്ന നേതാവ് കൂടിയാണ് സദാനന്ദൻ മാസ്റ്റർ. പാർട്ടിയ്ക്ക് വേണ്ടി ത്യാഗം സഹിച്ചയാൾ എന്ന പരിഗണന ബിജെപി കേന്ദ്ര നേതൃത്വം ഇദ്ദേഹത്തിന് നൽകാറുണ്ട്. നിലവിൽ രാജ്യസഭാംഗമായതിനാൽ മുതിർന്ന നേതാവിനുള്ള അംഗീകാരമായും, കേഡർമാർക്ക് വൈകാരികമായ ആവേശം നൽകാനും ഇദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കാം.

കെ സുരേന്ദ്രൻ

മുൻ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചാലും അത്ഭുതപ്പെടാനില്ല. നേരത്തെ സംസ്ഥാന അധ്യക്ഷൻമാരായിരുന്നവർക്കെല്ലാം മികച്ച പദവികൾ ബിജെപി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ രാജ്യസഭാംഗത്വം നൽകി സുരേന്ദ്രനെ കേന്ദ്രമന്ത്രി പദവി നൽകുമോയെന്ന് കാത്തിരുന്ന് കാണണം.

അനൂപ് ആൻ്റണി

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും യുവമുഖവുമാണ് അനൂപ് ആൻ്റണി. നിയമസഭ തെരഞ്ഞെടുപ്പിൽ തിരവല്ലയിൽ മത്സരിച്ച ഇദ്ദേഹം രണ്ടാം സ്ഥാനത്തെത്തിയിരുന്നു. യുവമോർച്ച ശീയ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുള്ള അനൂപിന് കേന്ദ്ര നേതൃത്വവുമായി നല്ല ബന്ധമുണ്ട്. ക്രൈസ്തവ വോട്ടുകൾ പാർട്ടിയിലേക്ക് എത്തിക്കാൻ അനൂപിന് കഴിയുന്നുണ്ട് എന്ന വിലയിരുത്തൽ ബിജെപിയ്ക്കുണ്ട്. യുവ/ക്രൈസ്തവ പ്രാതിനിധ്യം മാനദണ്ഡമായാൽ അനൂപ് കേന്ദ്ര മന്ത്രിസഭയിലെത്തിയേക്കും.