ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഹാജരാകണമെന്ന കേന്ദ്ര ആഭ്യന്തര വകുപ്പിെന്റ സമന്‍സ് തള്ളി പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയും പൊലീസ് മേധാവിയും. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഇരുവരെയും ഡല്‍ഹിക്ക് വിളിപ്പിച്ചത്. എന്നാല്‍, സമന്‍സിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ ഹാജരാകേണ്ടെന്നാണ് പശ്ചിമബംഗാള്‍ സര്‍ക്കാറിെന്റ തീരുമാനം. ഇത് കേന്ദ്ര സര്‍ക്കാറും ബംഗാള്‍ സര്‍ക്കാറും തമ്മിലുള്ള തുറന്ന പോരിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.
സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചക്കും രാഷ്ട്രീയ അക്രമത്തിനും തെളിവായാണ് വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവം ബി.ജെ.പിയും കേന്ദ്രസക്കാറും ഉയര്‍ത്തിക്കാട്ടുന്നത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ഡയമണ്ട് ഹാര്‍ബറിലാണ് അക്രമം നടന്നത്. കല്ലും ഇഷ്ടികയും കുറുവടികളുമായി എത്തിയവര്‍ കാറിെന്റ ചില്ലു തകര്‍ത്തു. രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിയുടെ നാടകമാണ് ഇതെന്നാണ് തൃണമൂല്‍ ആരോപണം.
എന്നാല്‍, വിഷയം കത്തിക്കാന്‍ തന്നെയാണ് ബി.ജെ.പി തീരുമാനം. അന്വേഷണ പുരോഗതി സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറുമായി സംസാരിച്ചു. അമിത് ഷാ നേരിട്ട് ബംഗാളിലേക്ക് പോകുമെന്നും അറിയിച്ചു. എന്നാല്‍, അക്രമത്തെ ഗൗരവത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നതെന്നാണ് മമത ബാനര്‍ജിയുടെ നിലപാട്. ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തില്‍ ഇക്കാര്യം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത് തെളിവായി ചൂണ്ടികാട്ടി. സംസ്ഥാന ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നല്കിയ സമന്‍സ് പിന്‍വലിക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
ജെ.പി നദ്ദക്ക് സെഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ നല്‍കിയിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറും എസ്കോര്‍ട്ട് വാഹനവും സുരക്ഷാ ഉദ്യോഗസ്ഥരേയും നദ്ദക്ക് അനുവദിച്ചിരുന്നു. സുരക്ഷ ചുമതലയുടെ മേല്‍നോട്ടം വഹിച്ചത് ഡി.ഐ.ജിയായിരുന്നു. നാല് എസ്.പിമാരും എട്ട് ഡെപ്യൂട്ടി എസ്.പിമാരും 14 ഇന്‍സ്പെക്ടര്‍മാരും 70 എസ്.ഐമാരും 40 ആര്.എ.എഫ് അംഗങ്ങളും, 259 കോണ്‍സ്റ്റബിള്‍മാരും, 350 മറ്റ് സേനാഅംഗങ്ങളുമാണ് സുരക്ഷാ ചുമതലയുമായി രംഗത്തുണ്ടായിരുന്നതെന്നും ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.