ആലപ്പുഴ: കെഎസ്ഇബിയുടെ ആലപ്പുഴ, പുന്നപ്ര 66 കെ.വി. സബ്സ്റ്റേഷനുകള്‍ 110 കെ.വി. യായി ഉയര്‍ത്തി ശേഷി വര്‍ധിപ്പിക്കുന്നതിനായി 31 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിന്റെ ഭാഗമായി പഴയ ടവറുകള്‍ മാറ്റി സ്ഥാപിക്കും.
കുട്ടനാട് പാടശേഖരങ്ങളിലൂടെ കടന്നുപോകുന്ന പള്ളം – പുന്നപ്ര 110 കെ.വി. എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ലൈനില്‍ പൂപ്പളളി ഭാഗത്തു നിന്നാണ് പുതിയ സബ്സ്റ്റേഷനിലേക്ക് ഒന്‍പത് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 110 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ എത്തിക്കുന്നത്.
കാലഹരണപ്പെട്ട 66 കെ.വി. ടവറുകള്‍ മാറ്റി പകരം അതേ സ്ഥാനത്ത് പുതിയ 110 കെ.വി. ടവറുകള്‍ സ്ഥാപിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ആകെയുള്ള 43 ടവറുകളില്‍ 24 എണ്ണം നഗര പ്രദേശത്തും ബാക്കിയുള്ളവ പാടശേഖരങ്ങളിലുമാണ്.
നിലവിലുള്ള ടവറുകള്‍ പൊളിച്ചുനീക്കി അതേ സ്ഥാനത്താണ് പുതിയ ‘നാരോ ബേസ്ഡ് ടവര്‍’ ഉയരം കൂട്ടി നിര്‍മ്മിക്കുക. നിലവിലുള്ള ടവറുകളുടെ ചുവട് വിസ്തീര്‍ണ്ണത്തേക്കാള്‍ കുറവു സ്ഥലമേ പുതിയ ടവറുകള്‍ക്ക് വേണ്ടി വരൂ എന്നത് സ്ഥലം ഉടമകള്‍ക്ക് സഹായകരമാണ്.
പഴയവ പൊളിച്ചുമാറ്റി പുതിയ ടവര്‍ സ്ഥാപിക്കുന്ന ഘട്ടത്തില്‍, വസ്തു ഉടമകള്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങളും നാശനഷ്ടങ്ങളും പരിഹരിക്കാന്‍ ആവശ്യമായ നടപടികളും എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലൈ അവസാനത്തോടെ ആരംഭിച്ച് സെപ്റ്റംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് നിര്‍മ്മാണം. നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മുന്നോടിയായി വസ്തു ഉടമകള്‍ക്കുണ്ടാകുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ചേര്‍ന്ന യോഗം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
വൈദ്യുത ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ജയിംസ് ജോസ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഉണ്ണികൃഷ്ണന് സ്ഥലം ഉടമകളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുരേഷ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.



