ഡാളസ് : കെഎല്‍എസ് ഓഗസ്റ്റ് 29 നു നടത്തിയ സൂം അക്ഷരശ്ലോക സൗഹൃദസദസ് ഈ ഓണക്കാലത്ത് രുചിയേറിയ ഒരു സദ്യപോലെ അമേരിക്കയിലും നാട്ടിലും നിന്നും പങ്കെടുത്ത അറുപതിലേറെ സാഹിത്യാസ്വാദകര്‍ക്കു പ്രിയങ്കരമായി.
അമേരിക്കയില്‍ തന്നെയുള്ള അക്ഷരശ്ലോകവിശാരദരായ ഉമേഷ് നരേന്ദ്രന്, രാജേഷ് വര്‍മ, ഹരിദാസ് മംഗലപ്പള്ളി, രവി രാജ, ഉമാ രാജ, ബിന്ദു വര്‍മ്മ തുടങ്ങിയവരടക്കം പതിനഞ്ചില്‍പരം കാവ്യാസ്വാദകര്‍ മലയാളത്തിലും സംസ്കൃതത്തിലുമുള്ള മാധുര്യം തുളമ്ബുന്ന സംസ്കൃതവൃത്തബന്ധിതമായ ഭാവസമ്ബുഷ്ടശ്ലോകങ്ങള് അവതരിപ്പിച്ചു. സെക്രട്ടറി ഹരിദാസ് തങ്കപ്പന് ചൊല്ലിയ സാന്ദ്രാനന്ദാവബോധാത്മകമെന്നു തുടങ്ങുന്ന നാരായണീയസംസ്കൃതശ്ലോകത്തില് നിന്നാണ് ഈ അക്ഷരശ്ലോകസദസ് തുടക്കം കുറിക്കപ്പെട്ടത്.സദസിലുള്ളവര്‍ക്കും ഇടയ്ക്കിടെ പങ്കെടുക്കാവുന്ന രീതിയിലാണു അക്ഷരശ്ലോകസൗഹൃദസദസ് ക്രമീകരിച്ചിരുന്നത്. വയോധികരടക്കം നാട്ടില്‍ നിന്നും ധാരാളം ശ്രോതാക്കളും പങ്കെടുത്ത് ശ്ലോകങ്ങള്‍ ചൊല്ലിയതു് സംഘാടകര്‍ക്കു ആവേശം പകര്‍ന്നു.
അക്ഷരശ്ലോക നിയമങ്ങള്‍ പൂര്‍ണമായി പാലിച്ചുതന്നെ നടത്തിയ പരിപാടിയില്‍ പ്രശസ്ത അക്ഷരശ്ലോകവിദഗ്ധനായ ഉമേഷ് നരേന്ദ്രന് അവതാരകനായും വൈസ്പ്രസിഡന്റ് അനൂപ സാം മോഡറേറ്ററായും പ്രവര്‍ത്തിച്ചു. സി വി ജോര്‍ജ് അവലോകനപ്രഭാഷണം നടത്തി. കെഎല്‍എസ് പ്രസിഡന്റ് സിജു വി. ജോര്‍ജ് , ലാന പ്രസിഡന്റ് ജോസന് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സാമുവല്‍ യോഹന്നാന് നന്ദി പറഞ്ഞു.

1992 ല്‍ സാഹിത്യ സ്നേഹികളായ കുറേ പേര് ചേര്‍ന്ന് ഡാളസില്‍ രൂപീകരിച്ച സംഘടനയാണ്. കേരളാ ലിറ്റററി സൊസൈറ്റി. കഴിഞ്ഞ 28 വര്‍ഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികള്‍ സൊസൈറ്റി സംഘടിപ്പിക്കുന്നുണ്ട്. സാഹിത്യ സമ്മേളനങ്ങള്‍, വിദ്യാരംഭ ചടങ്ങുകള്‍, കേരളപ്പിറവി ആഘോഷം തുടങ്ങിയവയും ഇതില്‍പെടും. കെഎല്‍എസ്
ഇതു വരെ മൂന്നു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലാന രൂപീകരിച്ചത് കെഎല്‍എസ് ഭാരവാഹികള്‍ മുന്‍കൈ എടുത്താണ്. എംഎസ്ടി നമ്ബൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്ബിമഠം, ജോസ് ഓച്ചാലില്‍ എന്നിവര്‍
ലാനയുടെ മുന്‍കാല പ്രസിഡന്റുമാരായിരുന്നു. നിലവിലെ പ്രസിഡന്റ് ജോസന് ജോര്‍ജും കെഎല്‍എസിന്റെ സംഘാടകനാണ്.
സാഹിത്യസംബന്ധിയായ നിരവധി വേറിട്ട ഓണ്‍ലൈന്‍ പരിപാടികള്‍ പുതിയ കെ എല്‍ എസ് പ്രവര്‍ത്തകസമിതി സംഘടിപ്പിക്കും. സെപ്റ്റംബര്‍ 26 നു (ശനി) കേരളാ ലിറ്റററി സൊസൈറ്റി അമേരിക്കയിലെ പ്രമുഖ പ്രവാസി സാഹിത്യകാരനായ എബ്രഹാം തെക്കേമുറിയുടെ സാഹിത്യസപര്യയക്കുറിച്ച് ഒരു അവലോകനസമ്മേളനം നടത്തുന്നു. പരിപാടിയില്‍ പങ്കുചേരാന്‍ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റി സ്വാഗതം ചെയ്തു.



