മരണമേ നിൻ തണുത്തപാദങ്ങൾ വച്ച്
മെല്ലെ നീ അകത്തേക്ക് വന്ന നേരം
കണ്ടതില്ലെ ചാരത്തുറങ്ങുമെൻ പാതിയെ
എന്നെപ്പുണർന്നുറങ്ങുന്നൊരെന്നുണ്ണിയെ
ഒരുവേള നിൽക്കൂ നീ, ഒന്നുരിയാടാതെ
ആരോടുമൊന്നും പറയാതെ ഞാൻ
എങ്ങനെ പോരും നീ വിളിച്ചീടുകിൽ
മടങ്ങുക ഏകനായ്, ഉറങ്ങീടട്ടെ ഞാൻ
സുന്ദരീ തിരിഞ്ഞൊന്നു നോക്കീടുക നീ
ഉറക്കമാണവിടെ നീ നിന്നുണ്ണിയെപ്പുണർന്ന്
നീയൊരാത്മാവുമാത്രമാണെന്നെ പിൻതുടരുക
നിന്റെകാലം കഴിഞ്ഞിരിക്കുന്നീ ഭൂവിതിൽ
സത്യമേ നിന്നെ കാണാതിരിക്കുവാനെന്റെ
കണ്ണുകളടച്ചു, കാതുകൾ പൂട്ടിവച്ചു
ആർദ്രമാം ഹൃദയത്തുടിപ്പുകൾ കേൾക്കാതെ
എൻജീവനെ നീ എങ്ങനെ കൊണ്ടുപോകാൻ
മെല്ലെത്തിരിഞ്ഞു നടന്നവൾ തന്നുണ്ണിയെ
പുണരുന്ന ദേഹത്തിൽ ദേഹിയെ ചേർത്തീടുവാൻ
അന്യമാമേതോ വസ്തുവെപ്പൊലെന്നെ തള്ളിമാറ്റി
ചൊല്ലിയെന്നാത്മാവ് ഞാൻകൂടൊഴിഞ്ഞതാണീ ശരീരം
മാത്രനേരം മുൻപുവരെ നിൻസ്വന്തമായൊരീ
ദേഹത്തിൻ ബന്ധങ്ങളറ്റു, നാം തമ്മിലിനിയൊരു
യാത്രാമൊഴി പോലുമില്ലാതെ പോക നീ
നിൻ സത്യലോകത്തിലേക്ക് വെളിച്ചമായ്
എങ്ങനെ പോകാൻ കഴിയുമെനിക്കെന്റെ
ഉണ്ണിയെ ഏകനായീഭൂമിയിൽ വിട്ടിട്ട്
ഉറക്കമുണർന്നാലവനാദ്യം തിരക്കുക
ഈ അമ്മതൻ വാത്സല്യ മിഴികളെയല്ലെ
വീണ്ടും അവൾ ചൊല്ലി മരണത്തിനോടായ്
ഒരുമാത്ര എൻദേഹത്തിലേക്കെന്നെ വിട്ടീടുക
ഒന്നു കൂടിപ്പുണരട്ടെ ഞാനെന്നുണ്ണിയെ
നലകീടട്ടെ ഒരു ചുംബനം കൂടിയാ കവിളിണയിൽ
പോകുവാനാകില്ല ഒരുനാളും നിനക്കിനി
ആ ദേഹം വെറുമൊരു കൂടുമാത്രം
കർമ്മം കഴിഞ്ഞാലുപേക്ഷിച്ചു പോരേണ്ട
ആത്മാവിളവേൽക്കുന്ന കൂടുമാത്രം
സുന്ദരീ പോരുക സമയമിതേറെയായ്
പീഢകളെല്ലാം മറക്കാൻ തുടങ്ങുക
മരണം തണുത്ത കൈയ്യാൽ പിടിക്കെ
ഉണ്ണിയെ പുണർന്നകൈകൾ പിടഞ്ഞു
വേർപെട്ടു ദേഹിയെയകന്നാ ശരീരം-
വേദനയോടവൾ നോക്കിനിൽക്കേ
തിരിഞ്ഞൊന്നു നോക്കുവാനാകാതവൾ
പിടയുന്ന പ്രാണനായ് പറന്നു പോയി..



