മെല്‍ബണ്‍: വെടിവയ്പിലൂടെ കൂട്ടക്കൊല നടത്തുമെന്ന് ഭീഷണി മുഴക്കിയ കൗമാരക്കാരനെ ആസ്‌ത്രേലിയന്‍ പോലിസ് അറസ്റ്റ് ചെയ്തു. നവ-നാസി, വെളുത്ത മേധാവിത്വ വാദി, സെമിറ്റിക് വിരുദ്ധനായ തീവ്ര വലതുപക്ഷ വാദിയായ 18കാരനാണ് പ്രതിയെന്ന് പോലിസ് പറഞ്ഞു. ഈയിടെയായി നിരവധി ആക്രമണങ്ങളുണ്ടായതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയില്‍ വലതുപക്ഷ ആക്രമ ഭീഷണിക്കെതിരേ ജാഗ്രതയിലാണ്. തീവ്ര വലതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൂട്ടക്കൊല നടത്താനാണ് 18 കാരന്റെ പദ്ധതിയെന്ന് പോലിസ് പറയുന്നു. സിഡ്‌നിയില്‍ നിന്ന് 553 കിലോമീറ്റര്‍ (344 മൈല്‍) തെക്ക് പടിഞ്ഞാറായി ആല്‍ബറി എന്ന ചെറുപട്ടണത്തില്‍ നിന്നുള്ള അജ്ഞാത യുവാവിനെതിരേ കേസെടുക്കും.
ഒരു വലിയ ആക്രമണത്തെ പിന്തുണയ്ക്കുകയും അതില്‍ പങ്കാളിത്തവും ആഗ്രഹിക്കുന്നയാളാണ് പ്രതിയെന്നും ദിവസങ്ങളായി നിരീക്ഷണത്തിലാണെന്നും ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലിസ് ഉദ്യോഗസ്ഥന്‍ സ്‌കോട്ട് ലീ സിഡ്‌നിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ന്യൂസിലാന്റിലെ െ്രെകസ്റ്റ്ചര്‍ച്ചില്‍ 51 മുസ് ലിം കളെ കൂട്ടക്കൊല ചെയ്തതടക്കം ഈയിടെ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് ശേഷം വലതുപക്ഷ ആക്രമ ഭീഷണിക്കെതിരെ ഓസ്‌ട്രേലിയ കടുത്ത ജാഗ്രതയിലാണ്. ന്യൂസിലാന്റ് ആക്രമണത്തിനുശേഷം തീവ്ര വലതുപക്ഷ വ്യക്തികളില്‍ നിന്നുള്ള ഭീഷണി വര്‍ധിക്കുന്നതായി ആസ്‌ത്രേലിയന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആസ്‌ത്രേലിയയില്‍ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി അംഗങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 1990കളില്‍ ഏഷ്യന്‍ കുടിയേറ്റത്തിനും ആദിവാസി ആസ്‌ത്രേലിയക്കാര്‍ക്കുമെതിരേ രംഗത്തെത്തിയ പോളിന്‍ ഹാന്‍സണ്‍, മുസ്‌ലിംകള്‍ക്കും അഭയാര്‍ഥികള്‍ക്കും വിരുദ്ധമായ നയപരമായ വേദിയില്‍ 2016ല്‍ വീണ്ടും സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പോളിന്‍ ഹാന്‍സന്റെ വണ്‍ നേഷന്‍ പാര്‍ട്ടി മുസ് ലിം രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക്, ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കല്‍, ഇസ് ലാമിക കലാ സംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കും തുടങ്ങിയ ആവശ്യങ്ങളാണ് ഉയര്‍ത്തുന്നത്.