കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരനില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രാലയം.

തുര്‍ക്കിയില്‍ നിന്നെത്തിയ കുവൈറ്റ് സ്വദേശിയിലാണ് വകഭേദം കണ്ടെത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ഏത് രാജ്യക്കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ പുറത്തുവിടാത്തത് ഏറെ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.

കുവൈറ്റിലെത്തിയ ഒരാള്‍ക്ക് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതായി കൊവിഡ് പ്രതിരോധ സമിതി അധ്യക്ഷന്‍ ഡോ. ഖാലിദ് അല്‍ ജറല്ലയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

എന്നാല്‍ ഇതില്‍ ഏറെ അവ്യക്തത നിറഞ്ഞിരുന്നു. ഏത് രാജ്യക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നായിരിക്കാം രോഗം പടര്‍ന്നതെന്നായിരുന്നു സ്വദേശികള്‍ക്കിടയില്‍ പ്രചരിച്ച അഭ്യൂഹം.

തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന അനുമതി നല്‍കിയതിനെതിരെ സര്‍ക്കാരിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.