കോട്ടയം: സംസ്ഥാന നിമയസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കരുത്ത് തെളിയിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. മത്സരിച്ച് എട്ടു സീറ്റിലും ജോസഫ് വിഭാഗം സ്ഥാനാർഥികൾ വൻ ലീഡ്നേടി. ഇരിഞ്ഞാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്.
ഇതിൽ ഇരിഞ്ഞാലക്കുട, കടുത്തുരുത്തി, ചങ്ങാനാശേരി, തൊടുപുഴ മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച മട്ടിലാണ് മുന്നേറ്റം. ഇരിഞ്ഞാലക്കുടയിൽ ജോസഫ് വിഭാഗത്തിന് വേണ്ടി മത്സരിച്ച മുതിർന്ന നേതാവ് തോമസ് ഉണ്ണിയാടൻ സിപിഎം സ്ഥാനാർഥിയും മന്ത്രിയുമായ ഡോ. ആർ ബിന്ദുവിനെ രണ്ടായിരത്തിലധികം വോട്ടുകൾക്കാണ് പിന്നിലാക്കിയിരിക്കുന്നത്.
2021ൽ നടന്ന തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ വിജയിച്ചിരുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് നിലവിൽ ഒരു സീറ്റിൽ പോലും ലീഡില്ല. സിറ്റിംഗ് സീറ്റായിരുന്ന ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാർ എന്നീ സീറ്റുകളിൽ പാർട്ടി സ്ഥാനാർഥികൾ വിയർക്കുകയാണ്.
മാണി ഗ്രൂപ്പിന്റെ ഏക മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ ഇടുക്കിയിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. കോൺഗ്രസ് സ്ഥാനാർഥി റോയ് കെ. പൗലോസിനേക്കാൾ 15000ത്തിലധികം വോട്ടുകൾക്ക് റോഷി പിന്നിലാണ്.



