കുട്ടികള്‍ക്ക് വളരെയധികം ഇഷ്ടമുള്ള ഒന്നാണ് പീനട്ട് ബട്ടര്‍. ബ്രഡിലും ചപ്പാത്തിയിലും പുരട്ടി കഴിക്കാവുന്ന സ്പ്രെഡ് ആണ് നേരിയ മധുരമുള്ള, കപ്പലണ്ടിയുടെ പോഷകഗുണങ്ങളുള്ള പീനട്ട് ബട്ടര്‍. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് ഊര്‍ജ്ജം നല്‍കുവാന്‍ പറ്റിയ മികച്ചൊരു ഭക്ഷണമാണെന്ന് തന്നെ പറയാം. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും മലബന്ധം അകറ്റാനും പീനട്ട് ബട്ടര്‍ ഏറെ നല്ലതാണ്. പീനട്ട് ബട്ടര്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

കപ്പലണ്ടി (വറുത്ത് തൊലി കളഞ്ഞത് ) നാല് കപ്പ് അല്‍പം പോലും വെള്ളത്തിന്റെ അംശം പറ്റിപ്പിടിച്ചിരിക്കാത്ത മിക്സിയില്‍ നല്ലത് പോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ച കപ്പലണ്ടിയില്‍ 4 ടേബിള്‍സ്പൂണ്‍ സണ്‍ഫ്ലവര്‍ ഓയിലും 3 ടേബിള്‍ സ്പൂണ്‍ തേനും രണ്ട് നുള്ള് ഉപ്പും രണ്ടോ മൂന്നോ തുള്ളി വാനില എസെന്‍സും ചേര്‍ത്ത് മിക്സിയില്‍ നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. ശേഷം കുപ്പിയിലേക്ക് പകര്‍ത്തി ഫ്രിഡ്ജില്‍ വച്ചിരുന്നാല്‍ കേട് വരാതെ സൂക്ഷിക്കാം. (ഇതില്‍ സണ്‍ഫ്ലവര്‍ ഓയിലിന് പകരം ബട്ടറോ മറ്റേതെങ്കിലും എണ്ണയോ ചേര്‍ക്കാവുന്നതാണ്. വെളിച്ചെണ്ണ ഉപയോ​ഗിക്കരുത്).