ന്യൂഡല്‍ഹി: ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന സ്ഥിരീകരണത്തിന് ശേഷം അപ്രതീക്ഷിതമായാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ക്ക് ഇരട്ടി പ്രഹരമേല്‍പ്പിച്ചുകൊണ്ട് സൂപ്പര്‍ താരം സുരേഷ് റെയ്നയും നാട്ടിലേക്ക് മടങ്ങിയെന്ന വാര്‍ത്തയെത്തുന്നത്. ചെന്നൈ മധ്യനിരയില്‍ നിര്‍ണായക സ്ഥാനമുള്ള റെയ്ന എന്ന അവരുടെ ചിന്നത്തലയ്ക്ക് അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്ന മാനേജ്മെന്റിന്റെ പ്രഖ്യാപനം ആരാധകരെയാകെ നിരാശരാക്കിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് റെയ്ന നാട്ടിലേക്ക് നടങ്ങിയെതെന്നായിരുന്നു മാനേദജ്മെന്റ് നല്‍കിയ വിശദീകരണം.

എന്തുകൊണ്ടാണ് ഐപിഎല്ലില്‍ നിന്ന് റെയ്ന തന്നെ ഇപ്പോള്‍ മനസ് തുറന്നിരിക്കുകയാണ്. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്താണ് റെയ്നയുടെ തീരുമാനം. ചെന്നൈ സൂപ്പര്‍ കിങ്സിലെ ഇന്ത്യന്‍ താരം അടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുട്ടികളേക്കാള്‍ വലുതല്ല മറ്റൊന്നുമെന്ന് റെയ്ന വ്യക്തമാക്കി.

കുടുംബത്തോടൊപ്പമാണ് റെയ്ന ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയിലെത്തിയത്. ഭാര്യ പ്രിയങ്ക സി റെയ്നയ്ക്കൊപ്പം നാല് വയസുകാരി മകള്‍ ഗ്രാസിയായും അഞ്ച് മാസം പ്രായമുള്ള കൈകുഞ്ഞ് റിയോയുമുണ്ടായിരുന്നു. ദീപക് ചാഹറുള്‍പ്പടെയുള്ള ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താരം ടൂര്‍ണമെന്റ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം താരത്തിന്റെ മടക്കവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ നിലനില്‍പ്പുണ്ടായിരുന്നെങ്കിലും ബന്ധുക്കള്‍ക്ക് നേരെ കവര്‍ച്ച സംഘം നടത്തിയ അക്രമണമാണ് താരം നാട്ടിലേക്ക് തിരിക്കാനുള്ള കാരണമെന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ പത്താന്‍കോട്ടിലുള്ള റെയ്നയുടെ ബന്ധു വീട്ടില്‍ കവര്‍ച്ച സംഘം ആക്രമണം നടത്തിയെന്നും റെയ്നയുടെ അമ്മാവന്‍ കൊല്ലപ്പെട്ടുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.