ലോക്ക്ഡൗണ്‍ സമയത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് സഹായവുമായി രംഗത്ത് എത്തിയ വ്യക്തിയാണ് ബൊളിവുഡ് നടന്‍ സോനു സൂദ്. അന്യ സംസ്ഥാനങ്ങള‍ില്‍ കുടുങ്ങി പോയ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തിരുന്നു. നടന്റെ ഈ നീക്കത്തില്‍ ശിവസേന അതൃപ്തി പ്രകടിപ്പിച്ചിരുന്നു.മഹാരാഷ്ട്ര സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് സോനു സൂദിന്റെ ഇത്തരം നടപടികളെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി ചില തൊഴിലാളികളെ കാണാന്‍ താരം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനില്‍ ബാന്ദ്രയില്‍ നിന്ന് ഉത്തര്‍ പ്രദേശിലേയ്ക്ക് പോകുകയായിരുന്നു തൊഴിലാളികള്‍. സോനു സൂദിനെ തടഞ്ഞത് ആര്‍പിഎഫ് ഉദ്യോഗസ്ഥരാണെന്നും ഇതുസസംബന്ധിച്ച്‌ ഒരു പരാതിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

ഇതിനു പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സോനു സൂദ് സന്ദര്‍ശിച്ചിരുന്നു. ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താക്കറെയെ കണ്ട ശേഷം സോനു സൂദും പ്രതികരണവുമായി എത്തിയിരുന്നു. ശിവസേന എംപിയുടെ വിമര്‍ശനത്തെ താരം എതിര്‍ക്കുകയായിരുന്നു എന്ന് ഫില്മിബീറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ലോക്ക്ഡൗണ്‍ കാരണം വീട്ടിലേക്ക് പോവാന്‍ സാധിക്കാത്തവര്‍ക്ക് താമസത്തിനായി മുംബൈയിലെ ജുഹുവിലുള്ള ഹോട്ടല്‍ അദ്ദേഹം തുറന്നുകൊടുത്തിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക കിറ്റുകളും നിരവധി പേര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുക്കാനും താരം മുന്നിലുണ്ടായിരുന്നു. നേരത്തെ വിവിധ സംസ്ഥാനങ്ങള്‍ അവരവരുടെ അതിര്‍ത്തികള്‍ അടച്ചതോടെ ധാരാളം പേര്‍ അതിര്‍ത്തികളില്‍ കുടുങ്ങിപ്പോയിരുന്നു. അവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ അതാത് ഗവര്‍ണമെന്റുകള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് താരം നേരത്തെ രംഗത്തെത്തിയിരുന്നു.